മത്സരത്തിനിടയില്‍ ശ്രീലങ്കന്‍ താരങ്ങള്‍ മിസ്ഫീല്‍ഡ് വരുത്തുമ്പോഴെല്ലാം ആര്‍തര്‍ കുപിതനായി കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും താരങ്ങളെ പഴിക്കുന്നതും ചാനല്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. മത്സരശേഷം കളത്തിലേക്ക് വന്ന പരിശീലകന്‍ തന്റെ ദേഷ്യം മുഴുവന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയുടെ മേല്‍ തീര്‍ക്കുകയായിരുന്നു. ഷനകയും പ്രതികരിച്ചതോടെയാണ് സംഭവം വാക്പോരിലേക്ക് നീങ്ങിയത്.
ഇപ്പോഴിതാ വീഡിയോയ്ക്കു വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ പരിശീലകന്‍ മിക്കി ആര്‍തര്‍. ക്യാപ്റ്റന്‍ ഷനകയുമായി മൈതാനത്തുവെച്ച് ഉണ്ടായ വാക്പോര് ആശയപരമായ സംവാദം മാത്രമായിരുന്നെന്നാണ് ആര്‍തറുടെ വിശദീകരണം. റസല്‍ അര്‍നോള്‍ഡിന്റെ ട്വീറ്റിന് താഴെയാണ് ആര്‍തറുടെ പ്രതികരണം. 'റസ്, ജയത്തിലും തോല്‍വിയിലും ഞങ്ങള്‍ ഒരുമിച്ചാണ്, എല്ലാ കളികളും ഞങ്ങള്‍ക്കു പാഠവും. ഞാനും ഷനകയും ചേര്‍ന്ന് ഒരു ടീമിനെ കെട്ടിപ്പടുത്തുകൊണ്ടുവരികയാണ്. ജയിക്കാമായിരുന്ന കളി തോറ്റതില്‍ ഞങ്ങള്‍ നിരാശയില്‍ ആയിരുന്നു. വളരെ മികച്ച സംവാദമാണു ഷാനകയുമായി നടന്നത്. അതില്‍ വിവാദങ്ങള്‍ കണ്ടെത്തേണ്ട കാര്യമില്ല.'
advertisement
സംഗക്കാര, ജയവര്‍ധന, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തില്‍ ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്ന ശ്രീലങ്ക ഇന്ന് അതിന്റെ നിഴല്‍ മാത്രമായി മാറിയിരിക്കുകയാണ്. കളിക്കളത്തില്‍ നിന്ന് വിരമിച്ച തങ്ങളുടെ സൂപ്പര്‍ താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ കഴിയാത്തതാണ് ശ്രീലങ്കയ്ക്ക് പ്രധാനമായും വിനയായത്. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍പ്പോലും ഇപ്പോള്‍ ശ്രീലങ്കന്‍ ടീം പതറുകയാണ്.
അതേസമയം ദീപക് ചഹറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് പരമ്പര വിജയം സ്വന്തമാക്കിയത്. മത്സരത്തിലെ പ്രകടനത്തിലൂടെ എട്ടാമതായി ബാറ്റ് ചെയ്യാനിറങ്ങി അര്‍ദ്ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയായി ദീപക്. 2009ല്‍ ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ എട്ടാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ രവീന്ദ്ര ജഡേജ 60 റണ്‍സ് നേടിയിരുന്നു. കൂടാതെ എട്ടാം നമ്പറിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററാണ് ദീപക്. ഇന്ത്യ റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മത്സരത്തില്‍ എട്ടാമത് ബാറ്റിങ്ങിനിറങ്ങി അര്‍ദ്ധ സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയായി ദീപക് ചഹര്‍. കൂടാതെ പിന്തുടര്‍ന്ന് ജയിച്ച മത്സരത്തില്‍ എട്ടാം നമ്പറിലോ അതിന് താഴെയുളളവരിലോ ഉളള ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡും ഇന്നലത്തെ പ്രകടനത്തോടെ ദീപക്കിന്റെ പേരിലായി.