ചരിത്ര നേട്ടത്തിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയുടെ ഭാഗമായ എല്ലാ താരങ്ങള്‍ക്കും വമ്പന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ എല്ലാം ഞെട്ടിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യക്കെതിരായ ടി20യിലെ പരമ്പര നേട്ടത്തില്‍ പങ്കാളിയായ ടീമിന് 74 ലക്ഷം രൂപയാണ് പുരസ്‌കാരമായി ലങ്കന്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ടി20 പരമ്പരയുടെ ഭാഗമായ എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും കോച്ചിംഗ് പാനലിനും ഈ സമ്മാനതുകയില്‍ അവകാശമുണ്ട്.
ശ്രീലങ്കയുടെ ഇതിഹാസ താരങ്ങള്‍ വിചാരിച്ചിട്ട് നടക്കാതെ പോയ നേട്ടമാണ് ഈ യുവ തലമുറ നേടിയിരിക്കുന്നത്. ഇതുവരെ ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിട്ടില്ലായിരുന്നു. കോഹ്ലി, രോഹിത്, രാഹുല്‍, ധവാന്‍ തുടങ്ങിയവരുടെയൊക്കെ പ്രധാന വേട്ട മൃഗങ്ങളായിരുന്നു ശ്രീലങ്കന്‍ ടീം. ഇവരുടെയെല്ലാം ബാറ്റിങ് കരുത്തിന് മുന്നില്‍ പല തവണ തട്ടകത്തിലും ശ്രീലങ്കയ്ക്ക് തലകുനിക്കേണ്ടി വന്നിട്ടുണ്ട്.
advertisement
2014ലെ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ശ്രീലങ്കയ്ക്ക് ഇത്തവണ ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നില്‍ക്കുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ പരമ്പര വലിയ ആത്മവിശ്വാസം തന്നെയാണ്. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ ഏകദിന, ടി20 പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റു വാങ്ങിയ ശ്രീലങ്കന്‍ ടീമില്‍ പരിശീലകന്‍ മിക്കി ആര്‍തര്‍ വലിയ അഴിച്ചുപണികള്‍ വരുത്തിയിരുന്നു. 2019 ഒക്ടോബറിന് ശേഷം ശ്രീലങ്ക നേടുന്ന ആദ്യ പരമ്പരയാണിത്. അതിനാല്‍ ഈ കിരീടം ശ്രീലങ്കക്ക് വലിയ ആവേശം നല്‍കുന്നുണ്ട്.
വരാനിരിക്കുന്ന ടി20 ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ലങ്കന്‍ ടീമിന് മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ലങ്കന്‍ ബോര്‍ഡും ഒപ്പം ക്രിക്കറ്റ് പ്രേമികളും വിശ്വസിക്കുന്നത്. സ്റ്റാര്‍ താരങ്ങളില്‍ പലരും വിട്ടുനിന്നിട്ടും ഷനകയുടെ നേതൃത്വത്തില്‍ യുവ നിര ഇന്ത്യക്ക് എതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്നും ഇന്നലെ ചേര്‍ന്ന ലങ്കന്‍ ബോര്‍ഡ് മീറ്റിങ് വിലയിരുത്തി.
സംഗക്കാര, ജയവര്‍ധന, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സാന്നിധ്യത്തില്‍ ഒരു കാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ശക്തരായ ടീമുകളിലൊന്നായിരുന്ന ശ്രീലങ്ക ഇന്ന് അതിന്റെ നിഴല്‍ മാത്രമായി മാറിയിരിക്കുകയാണ്. ക്രിക്കറ്റിലെ കുഞ്ഞന്‍ ടീമുകള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍പ്പോലും ഇപ്പോള്‍ ശ്രീലങ്കന്‍ ടീം പതറുകയാണ്. യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി 2023 ലോകകപ്പ് മുന്നില്‍ക്കണ്ട് ഒരു പുതിയ ഏകദിന ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ്.