സ്കോർ: ശ്രീലങ്ക 20 ഓവറിൽ 183/5; ഇന്ത്യ 17.1 ഓവറിൽ 186/3
ടി20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശർമയുടെയും ടീം എന്ന നിലയില്‍ ഇന്ത്യയുടെയും തുടര്‍ച്ചയായ 11-ാ൦ ജയം.ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ അവസാന മത്സരം നാളെ ഇതേ വേദിയിൽ നടക്കും.
ലങ്ക ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (1) നഷ്ടമായി. തുടര്‍ന്ന് ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്ന് സ്‌കോര്‍ 44 വരെയെത്തിച്ചു. 15 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത കിഷനെ ആറാം ഓവറില്‍ ലഹിരു കുമാര പുറത്താക്കിയതോടെ ഇന്ത്യ അൽപനേരത്തേക്ക് പ്രതിരോധത്തിലായി.
advertisement
മലയാളി ആരാധകർ ആഗ്രഹിച്ച പോലെ സഞ്ജു സാംസൺ ആയിരുന്നു പിന്നീട് ക്രീസിലേക്ക് എത്തിയത്. മൂന്നാം വിക്കറ്റിൽ തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റ് വീശിയ അയ്യരും സഞ്ജുവും നിലയുറപ്പിച്ച ശേഷം തകർത്തടിക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇവർ ചേർത്ത 84 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ അടിത്തറ. തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ടെങ്കിലും പിന്നീട് തകർത്തടിച്ചു. ഒടുവിൽ 25 പന്തില്‍ നിന്ന് രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 39 റൺസ് നേടിയ താരം ബിനുര ഫെർണാണ്ടോയുടെ തകർപ്പൻ കാച്ചിലാണ് പുറത്തായത്.
സഞ്ജുവിന് പകരം ക്രീസിലെത്തിയ ജഡേജ വന്നപാടെ ലങ്കൻ ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. അയ്യർക്കൊപ്പം ജഡേജയും ഒന്നിച്ചതോടെ ഇന്ത്യ ടോപ് ഗിയറിൽ ലക്ഷ്യത്തിലെക്ക് കുതിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസാണ് കൂട്ടിച്ചേർത്തത്.
ശ്രീലങ്കയ്ക്കായി ബൗളിങ്ങിൽ ലഹിരു കുമാര രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക പാതും നിസ്സംഗ (75), ഡെത്ത് ഓവറുകളിൽ തകർത്തടിച്ച ക്യാപ്റ്റൻ ദസുൻ ഷനക (47*) എന്നിവരുടെ മികവിലാണ് 183 റൺസ് നേടിയത്.
അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സഖ്യം 26 പന്തില്‍ നിന്ന് 58 റണ്‍സ് ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. 14.4 ഓവറിൽ നാലിന് 102 എന്ന നിലയിലായിരുന്ന ലങ്ക ഇരുവരുടെയും തകർപ്പനടികളുടെ പ്രകടനത്തിൽ ടോപ് ഗിയറിൽ മുന്നോട്ട് കുതിക്കുകയായിരുന്നു. അവസാന നാല് ഓവറുകളിൽ നിന്നും 72 റൺസാണ് ലങ്ക അടിച്ചെടുത്തത്.