ശ്രീലങ്കൻ ഇന്നിംഗ്സിലെ 25-ാം ഓവറിൽ സമരവിക്രമ പുറത്തായപ്പോഴാണ് ഏയ്ഞ്ചലോ മാത്യൂസ് ബാറ്റ് ചെയ്യാനായി എത്തുന്നത്. ക്രിക്കറ്റ് നിയമപ്രകാരം ഒരു ബാറ്റർ പുറത്തായി 2 മിനിറ്റിനുള്ളിൽ അടുത്ത ബാറ്റർ തയാറായി ക്രീസിൽ ഉണ്ടാകണമെന്നാണ് നിബന്ധന. ക്രീസിലെത്തിയ മാത്യൂസ് ഹെൽമറ്റ് സ്ട്രാപ്പ് മുറക്കിയപ്പോഴാണ് കേട് സംഭവിച്ചതായി മനസിലാക്കുന്നത്. അപ്പോഴേക്കും ഒരു മിനിറ്റ് 55 സെക്കൻഡ് പിന്നിട്ടിരുന്നു.
മറ്റൊരു ഹെൽമറ്റുമായി കരുണരത്നെ ഓടിയെത്തിയെങ്കിലും സമയം വൈകുന്നത് ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കീബ് അല്‍ ഹസന്‍ അമ്പയറെ അറിയിച്ചു. നിയമപ്രകാരം ടൈംഡ് ഔട്ടാക്കണമെന്ന അപ്പീൽ പരിഗണിച്ചേ മതിയാകുമായിരുന്നുള്ളൂ ഫീൽഡ് അമ്പയറായ ഇറാസ്മസിന്. ആദ്യം തമാശയായി കണക്കാക്കിയ ഏയ്ഞ്ചലോ മാത്യൂസ് ഗൗരവം മനസിലാക്കി, 2 അമ്പയർമാരോടും കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ ബംഗ്ലദേശ് ടീം അപ്പീലിൽ ഉറച്ചുനിന്നതോടെ ചരിത്രത്തിലാദ്യമായി ഒരു ബാറ്റർ ടൈംഡ് ഔട്ടായി.
advertisement
നിരാശനായി ക്രീസ് വിട്ട മാത്യൂസ് ബൗണ്ടറി ലൈനിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞ് നീരസം പ്രകടമാക്കി. ബംഗ്ലദേശ് ടീം മാനെജ്മെന്റിനോടും മാത്യൂസ് തർക്കിച്ചു
ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാണ് ഈ വിക്കറ്റ് തുടക്കമിട്ടത്. ഉസ്മാൻ ഖവാജ, ഗൗതം ഗംഭീർ, ഡെയ്ൽ സ്റ്റെയ്ൻ ഉൾപ്പെടെയുള്ളവർ തീരുമാനത്തെ അപലപിച്ചു. ക്രിക്കറ്റ് നിയമത്തിലെ ചില പൊളിച്ചെഴുത്തിനും ഈ സംഭവം കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2 മിനിറ്റെന്ന നിശ്ചിത സമയത്തിനുള്ളിൽ മാത്യൂസ് ക്രീസിലുണ്ടായിരുന്നിട്ടും ഹെൽമെറ്റിലെ പ്രശ്നം ടൈംഔട്ടിന് കാരണമാകുന്നത് എങ്ങനെയെന്നതാണ് ക്രിക്കറ്റ് നിരീക്ഷകര്‍ക്കിടയിലെ പ്രധാന ചർച്ച.