ആരാധകര്‍ക്ക് ആവേശം പകരുന്ന തകര്‍പ്പന്‍ ലുക്കിലാണ് പരസ്യത്തില്‍ ധോണി എത്തുന്നത്. രസകരമായ കോസ്റ്റിയൂമും ചെമ്പന്‍ തലമുടിയുമായി ഫ്രീക്ക് ലുക്കില്‍ ധോണി ഷോ തന്നെയായാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. ധോണിയുടെ പുതിയ ലുക്കിനെക്കുറിച്ച് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരില്‍ നിന്നും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
വീടുകള്‍ക്ക് മുന്നിലൂടെ പ്രചരണം നടത്തുന്ന പഴയകാല ഹിന്ദി സിനിമാ രംഗത്തെ വെല്ലുന്ന തരത്തിലാണ് പരസ്യം. 'ശരിക്കുള്ള ചിത്രം ഇനി വരാനിരിക്കുന്നതേയുള്ളു' എന്ന ഹിന്ദി വാചകം പറഞ്ഞുകൊണ്ടാണ് ധോണിയുടെ വരവ്. തലമുടി കളറാക്കി നക്ഷത്രങ്ങള്‍ നിറഞ്ഞ, നിറം കോരിയൊഴിച്ച കോട്ടുമിട്ട ധോണിയുടെ വരവ് ഹോളിവുഡ് സിനിമാ സ്റ്റൈലിലാണ്. ഇടവേളയ്ക്ക് ശേഷമെത്തും ശരിക്കുള്ള കൊടുങ്കാറ്റെന്നാണ് ധോണിയുടെ കഥാപാത്രം വിളിച്ചു പറയുന്നത്. ഡ്രാമയുണ്ട്, സസ്പെന്‍സുണ്ട്, ക്ലൈമാക്സുണ്ടെന്നും വിളംബരം ചെയ്യുകയാണ് ക്യാപ്റ്റന്‍ കൂള്‍. തന്റെ കരുത്തായ ഹെലികോപ്റ്റര്‍ ഷോട്ടുമുണ്ടെന്നും ധോണി ആരാധകരെ ഓര്‍മ്മിപ്പിക്കുന്നു. ഹിറ്റ്മാനായ രോഹിതിന്റെ വരവും വീഡിയോയിലൂടെ ധോണിയെക്കൊണ്ട് രസകരമായി വിളംബരം ചെയ്യിക്കുകയാണ്.
advertisement
ഇത്തവണത്തെ ഐ പി എല്ലിന്റെ ആരംഭത്തിലും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇത്തരത്തില്‍ ധോണിയുടെ പരസ്യങ്ങള്‍ പുറത്തിറക്കിയിരുന്നു. മൊട്ടത്തലയനായ ഒരു യോഗിയുടെ വേഷത്തില്‍ വന്നാണ് ധോണി അന്ന് ആരാധകരെ അമ്പരപ്പിച്ചത്. മേക്ക് ഓവറുകളിലൂടെ ട്രെന്‍ഡ് സെറ്റ് ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് ധോണി. പ്രകടനത്തില്‍ മാത്രമല്ല ലുക്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ താരമാണ് എം എസ് ധോണി. നീളന്‍ മുടിക്കാരനായെത്തി വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരുടെ മനം കവര്‍ന്ന ധോണി നായകനെന്ന നിലയിലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
അതേസമയം യു എ ഇയില്‍ അടുത്ത മാസമാരംഭിക്കുന്ന ഐ പി എല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കായി ഒരു മാസം മുമ്പെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ദുബായിയില്‍ എത്തിയിട്ടുണ്ട്. നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ദുബായിലെ ഐ.സി.സി. അക്കാദമിയിലാണ് ടീം പരിശീലനം നടത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് ആദ്യം യു എ ഇയില്‍ എത്തിയ സംഘം. എന്നാല്‍ മുംബൈ ടീം ഇതുവരെ പരിശീലനം തുടങ്ങിയിട്ടില്ല. രണ്ടാംഘട്ടത്തിലെ ആദ്യ മല്‍സരം മുംബൈയും ചെന്നൈയും തമ്മില്‍ സെപ്റ്റംബര്‍ 19-നാണ് നിശ്ചചയിച്ചിരിക്കുന്നത്.