അജാസിന്റെ തകര്‍പ്പന്‍ നേട്ടത്തിനു ശേഷം മുന്‍ ക്രിക്കറ്റര്‍മാരുള്‍പ്പെടെ പലരും അജാസിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സേവാഗുമുണ്ടായിരുന്നു (Virender Sehwag). പ്രശംസിച്ചു കൊണ്ടുള്ള സെവാഗിന്റെ ട്വീറ്റിനു അജാസിന്റെ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'ഒരു ഗെയിമില്‍ ഇന്നിങ്സിലെ പത്ത് വിക്കറ്റുകളും സ്വന്തമാക്കുകയെന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്നാണ്. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ ഓര്‍മിക്കുന്ന ദിവസമായിരിക്കും അജാസ് പട്ടേല്‍. മുംബൈയില്‍ ജനിച്ചു, മുംബൈയില്‍ ചരിത്രവും കുറിച്ചു. ചരിത്ര നേട്ടത്തിനു അഭിനന്ദനങ്ങള്‍'- എന്നായിരുന്നു വീരേന്ദര്‍ സേവാഗ് ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.
advertisement
ഈ ട്വീറ്റിനായിരുന്നു അജാസ് പട്ടേലിന്റെ രസകരമായ മറുപടി. ഒരിക്കല്‍ വീരേന്ദര്‍ സെവാഗിനോടേറ്റ പ്രഹരം തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നായിരുന്നു അജാസിന്റെ ട്വീറ്റ്.
നന്ദി, വീരേന്ദര്‍ സെവാഗ്. ഞാന്‍ നെറ്റ് ബൗളറായി എത്തിയപ്പോള്‍ ഈഡന്‍ പാര്‍ക്കിലെ ഔട്ടര്‍ ഓവലില്‍ വച്ച് നിങ്ങള്‍ എന്നെ ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചുപറത്തിയത് ഇപ്പോഴും ഓര്‍ക്കുന്നുവെന്നതാണ് രസകരമായ കഥയെന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടു കൂടി അജാസ് ട്വിറ്ററില്‍ കുറിച്ചത്.
2008-09 സീസണിലെ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിനിടെയാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. അക്കുറി ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യയാണ് സ്വന്തമാക്കിയത്. 2014ലെ ന്യൂസിലന്‍ഡ് പര്യടനം ആയപ്പോഴേക്കും സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.
മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയമാണ് ടീം ഇന്ത്യ(Team India) നേടിയിരിക്കുന്നത്. 372 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. മത്സരത്തില്‍ ജയം നേടിയ ഇന്ത്യ 1-0 ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയും ചെയ്തു. കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയവുമാണിത്.