ഇപ്പോഴിതാ മത്സരത്തില്‍ ടോസ്സ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ തീരുമാനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് രംഗത്തെത്തുകയാണ് വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ആദ്യദിനം ബൗളര്‍മാര്‍ക്ക് അനുകൂലമാണെന്ന ചരിത്രമുള്ള പിച്ചായിരുന്നിട്ടും ഇവിടെ ബാറ്റിങ് തിരഞ്ഞെടുത്ത കോഹ്ലിയുടെ തീരുമാനം പാളിയെന്ന് ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ വ്യക്തമായിരുന്നു. ലഞ്ച് ബ്രേക്കാവുമ്പോഴേക്കും നാലു മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി.
'ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ മണിക്കൂറായിരുന്നു ഇത്. മൂന്നു വമ്പന്‍ വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തീര്‍ത്തും ധീരമാണ്. രാജ്യത്ത് ആദ്യ ദിനം ടെസ്റ്റില്‍ ബൗള്‍ ചെയ്യാവുന്ന ഏറ്റവുമം മികച്ച ഗ്രൗണ്ടാണിത്. പിച്ച് ഇനി കളി പുരോഗമിക്കുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കും. മൂന്നാം ദിനം മുതല്‍ സീമര്‍മാര്‍ക്കു പിച്ചില്‍ നിന്നും കാര്യമായൊന്നും ലഭിക്കില്ല'- ബ്രോഡ് ട്വിറ്ററില്‍ കുറിച്ചു.
advertisement
ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ റോറി ബേണ്‍സും ഹസീബ് ഹമീദും തങ്ങളുടെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ക്രീസില്‍ തുടരുകയാണ്. ഹസീബ് 58 റണ്‍സും ബേണ്‍സ് 52 റണ്‍സും നേടിയാണ് ഇന്ത്യയ്ക്ക് ദുരിതപൂര്‍ണ്ണമായ ആദ്യ ദിനം സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി മൂന്ന് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണും ക്രെയിഗ് ഓവര്‍ട്ടണും തിളങ്ങിയപ്പോള്‍ ഒല്ലി റോബിന്‍സണും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി. അഞ്ചുപേരെ വിക്കറ്റിനു പിന്നില്‍ ക്യാച്ചെടുത്തത് ജോസ് ബട്ലറാണ്.
ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ഒന്‍പതാമത്തെ ടോട്ടലാണിത്. 2020ല്‍ ഓസ്ട്രേലിയയ്ക്കെതിരെ 36 റണ്‍സിനു പുറത്തായതാണു ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍. കെ എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (ഒന്ന്), വിരാട് കോഹ്ലി ( 7), അജിന്‍ക്യ രഹാനെ (18), ഋഷഭ് പന്ത് (2), രോഹിത് ശര്‍മ (19), രവീന്ദ്ര ജഡേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (3), ഇഷാന്ത് ശര്‍മ (പുറത്താകാതെ 8) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ പ്രകടനം.