ആദ്യത്തെ ഡി ആര്‍ എസ് കോളില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല. കാരണം അത് കുറച്ച് ക്ലോസ് കോള്‍ ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ റിവ്യൂ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ എതിര്‍പ്പ് മറികടന്നാണ് വിരാട് കോഹ്ലി എടുത്തത്. ബൗളര്‍ സിറാജും അദ്ദേഹത്തെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ പന്ത് വിക്കറ്റിനു പുറത്താണെന്ന് ഡി ആര്‍ എസില്‍ വ്യക്തമായി. അത് നോട്ട് ഔട്ട് തന്നെയെന്ന് മൂന്നാം അമ്പയറും വിധിച്ചു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. റിവ്യൂ എടുക്കണമോ വേണ്ടയോ എന്നത് വിക്കറ്റ് കീപ്പര്‍ തീരുമാനിക്കണം എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. 'എല്ലാ ബൗളറും ചിന്തിക്കുക ബാറ്റ്സ്മാന്‍ ഔട്ട് ആണെന്നാണ്. അതുപോലെ തന്നെ എല്‍ ബി ഡബ്ല്യുവില്‍ കുടുങ്ങുമ്പോള്‍ ബാറ്റ്സ്മാന്‍ ചിന്തിക്കുന്നതും ഔട്ട് അല്ലെന്നാണ്. ആദ്യത്തേത് ക്ലോസ് ആയിരുന്നു. എന്നാല്‍ രണ്ടാമത്തെ അപ്പീലില്‍ പന്ത് റിവ്യു എടുക്കേണ്ടന്ന് തുടരെ പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ അവസാന നിമിഷം റിവ്യു എടുത്തു. റൂട്ടിനെ പുറത്താക്കിയാല്‍ മറ്റ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ വേഗത്തില്‍ മടക്കാം എന്നാണ് കോഹ്ലി ചിന്തിച്ചിട്ടുണ്ടാവുക.'- ഗവാസ്‌കര്‍ പറഞ്ഞു.
advertisement
കോഹ്ലി ക്യാപ്റ്റന്‍ ആയതിനു ശേഷം ഇതുവരെ ടെസ്റ്റില്‍ 93 തവണയാണ് റിവ്യൂ എടുത്തിട്ടുള്ളത്. അതില്‍ വെറും 15 എണ്ണത്തില്‍ മാത്രമാണ് അനുകൂലമായി വിധി വന്നിട്ടുള്ളത്. ആദ്യ ടെസ്റ്റിനിടയില്‍ ഇത്തരത്തില്‍ റിവ്യൂ നഷ്ടപ്പെടുത്തിയതിന് കോഹ്ലി പരിഹാസങ്ങള്‍ നേരിട്ടിരുന്നു. എല്ലാ റിവ്യൂവും പാഴാക്കിയ ഇന്ത്യന്‍ ടീമിന് ആവശ്യ സമയത്ത് ഒന്ന് പോലും അവശേഷിച്ചിരുന്നില്ല. ഇതോടെ ഡി ആര്‍ എസ് ആവശ്യപ്പെടുന്ന ആംഗ്യം കാട്ടി ഗാലറിയില്‍നിന്ന് ഇംഗ്ലിഷ് ആരാധകര്‍ കോഹ്ലിയെ ട്രോളാന്‍ തുടങ്ങുകയായിരുന്നു.
കോഹ്ലിയെ നോക്കി ഡി ആര്‍ എസ് ചിഹ്നം കാട്ടിയായിരുന്നു അവരുടെ പരിഹാസം. ഇതിന്റെ ചിത്രം ആരാധകരില്‍ ചിലര്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.