ആദ്യ ഏകദിനത്തിലും സ്റ്റാർക്ക് തന്നെയാണ് യാദവിനെ പുറത്താക്കിയത്. സ്റ്റാർക്കിന്റെ ലൈനും ലെങ്തും മനസിലാക്കുന്നതിൽ പരാജയപ്പെട്ട സൂര്യകുമാർ ഇത്തവണയും വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ആദ്യ മത്സരത്തിലും ഏറെക്കുറെ സമാനമായ രീതിയിലാണ് യാദവ് പുറത്തായത്. രണ്ടു കളികളിലും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായെന്ന നാണക്കേടും സൂര്യകുമാറിനെ തേടിയെത്തി.
ലോക ഒന്നാം നമ്പർ ടി20 ബാറ്റർ ആണെങ്കിലും ഏകദിനത്തിൽ സൂര്യകുമാർ യാദവ് തുടർച്ചയായി പരാജയപ്പെടുന്നതാണ് കാണുന്നത്. തുടർച്ചയായി തിളങ്ങാനാകാതെ പോകുന്ന സൂര്യകുമാറിന്‍റെ പ്രകടനത്തിലെ കടുത്ത അതൃപ്തി ആരാധകർ സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കുകയും ചെയ്തു.
advertisement
ചില ആരാധകർ മലയാളിതാരം സഞ്ജു സാംസണിന് ഇന്ത്യൻ മധ്യനിരയിൽ ‘സ്ഥിര’ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
സഞ്ജു സാംസണിന്റെയും സൂര്യകുമാറിന്റെയും ഏകദിന റെക്കോർഡ് താരതമ്യം ചെയ്തുകൊണ്ടാണ് ആരാധകർ ട്വിറ്ററിൽ രംഗത്തെത്തിയത്. ഏകദിനത്തിൽ സൂര്യകുമാറിനേക്കാൾ മികച്ച റെക്കോർഡാണ് സഞ്ജുവിനുള്ളത്. തുടർച്ചയായി ഡക്കായി പുറത്തായ സൂര്യകുമാറിനെതിരെ നിരവധി ട്രോളുകളും മീമുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.