ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19 ഓവറില്‍ 137-ന് പുറത്തായി. ടൂര്‍ണമെന്റില്‍ പ്രഥമ സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ബട്‌ലറാണ് കളിയിലെ കേമനും.
മത്സരത്തില്‍ 45 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടി തന്റെ ടി20 കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ അര്‍ധസെഞ്ച്വറികളില്‍ ഒന്ന് നേടിയ ജോസ് ബട്‌ലര്‍ ടോപ് ഗിയറിലേക്കെത്തുന്നതാണ് പിന്നീട് ഷാര്‍ജ കാണുന്നത്. ഒരുപക്ഷേ ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങള്‍ക്കും പാഠപുസ്തകമാക്കി മാറ്റാവുന്ന ഇന്നിങ്‌സില്‍ അവസാന 22 ബോളില്‍ നിന്നും അടിച്ചെടുക്കുന്നത് വിലപ്പെട്ട 50 റണ്‍സാണ്.
20ആം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് ടീം സ്‌കോര്‍ 150 കടത്തിയ ബട്‌ലര്‍ മത്സരത്തിലെ അവസാന പന്തില്‍ തനിക്കര്‍ഹതപ്പെട്ട സെഞ്ച്വറിയും പൂര്‍ത്തിയാക്കിയാണ് മത്സരം അവസാനിപ്പിച്ചത്. 67 പന്തില്‍ നിന്ന് ആറ് സിക്സറും ആറ് ഫോറും അടക്കം 101 റണ്‍സുമായാണ് ബട്ലര്‍ പുറത്താകാതെ നിന്നത്. ഇതോടെ ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറി എന്ന നേട്ടം ജോസ് ബട്‌ലര്‍ കുറിച്ചു. ടി20 ക്രിക്കറ്റില്‍ തന്റെ ആദ്യ രാജ്യാന്തര സെഞ്ച്വറി നേടിയ ബട്ലര്‍ ഇംഗ്ലണ്ടിനായി ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും സ്വന്തമാക്കി. ഇതിന് പുറമെ ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് ബാറ്റ്‌സ്മാനുമാണ് ബട്ലര്‍.
മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 19 ഓവറില്‍ 137 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെടുകയും പവര്‍പ്ലേയില്‍ ബാറ്റിങ് തകര്‍ന്ന് 10 ഓവറില്‍ മൂന്നിന് 47 എന്ന നിലയില്‍ പതറുകയും ചെയ്ത ശേഷം മാന്യമായ സ്‌കോറില്‍ എത്തി പിന്നീട് എതിരാളികളെ എറിഞ്ഞൊതുക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.