ഇംഗ്ലണ്ട് ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 19 ഓവറില്‍ 137 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെടുകയും പവര്‍പ്ലേയില്‍ ബാറ്റിങ് തകര്‍ന്ന് 10 ഓവറില്‍ മൂന്നിന് 47 എന്ന നിലയില്‍ പതറുകയും ചെയ്ത ശേഷം മാന്യമായ സ്‌കോറില്‍ എത്തി പിന്നീട് എതിരാളികളെ എറിഞ്ഞൊതുക്കിയാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19 ഓവറില്‍ 137-ന് പുറത്തായി. ടൂര്‍ണമെന്റില്‍ പ്രഥമ സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ജോസ് ബട്ലറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന് തുണയായത്. ബട്ലറാണ് കളിയിലെ കേമനും.
advertisement
നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 18ആം ഓവറിന്റെ രണ്ടാം പന്തില്‍ 36 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ മോര്‍ഗന്‍ പുറത്തായെങ്കിലും ഇന്നിങ്സിലെ അവസാന പന്ത് സിക്സറിനു പറത്തി ബട്ലര്‍ തന്റെ കന്നി ടി20 സെഞ്ചുറി നേടി ടീമിനെ 160 കടത്തി. അവസാന 10 ഓവറില്‍ 116 റണ്‍സാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്.
67 പന്തില്‍ നിന്ന് ആറു സിക്സറും ആറ് ഫോറും അടക്കം 101 റണ്‍സുമായാണ് ബട്ലര്‍ പുറത്താകാതെ നിന്നത്. രണ്ടു പന്തില്‍ നിന്ന് ഒരു റണ്ണുമായി മൊയീന്‍ അലിയായിരുന്നു കൂട്ടായി ക്രീസില്‍. ലങ്കയ്ക്കു വേണ്ടി നാലോവറില്‍ 21 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വനിന്ദു ഹസരങ്കയാണ് തിളങ്ങിയത്.
മറുപടി ബാറ്റിങ്ങില്‍ തുടക്കം പാളിയെങ്കിലും ശ്രീലങ്കയുടെ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ട് ക്യാമ്പില്‍ ഭീതി പടര്‍ത്തിയ നിമിഷങ്ങള്‍ സമ്മാനിച്ച ശേഷം കീഴടങ്ങിയപ്പോള്‍ ടീം 19 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ചരിത് അസലങ്കയും ഭാനുക രജപക്‌സയും അതിവേഗത്തില്‍ സ്‌കോറിംഗിന് ശ്രമിച്ചുവെങ്കിലും ഇരുവരുടെയും വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.
76/5 എന്ന നിലയിലേക്ക് വീണ ശ്രീലങ്ക പിന്നീട് മത്സരത്തില്‍ തങ്ങളുടെ സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. വനിന്ദു ഹസരങ്കയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ആറാം വിക്കറ്റില്‍ കസറിയപ്പോള്‍ ലങ്ക ഇംഗ്ലണ്ട് സ്‌കോറിന് അടുത്തേക്ക് എത്തി. 36 പന്തില്‍ 53 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ഹസരങ്കയെ നഷ്ടമാകുമ്പോള്‍ 19 പന്തില്‍ 35 റണ്‍സായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്. അധികം വൈകാതെ ക്യാപ്റ്റന്‍ ദസുന്‍ ഷനകയും(26) പുറത്തായതോടെ ലങ്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.