ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിനാണ് അജാസ് പട്ടേലിന് സമ്മാനം നല്‍കുന്നതിന് മുന്‍കൈ എടുത്തത്. ക്രിക്കറ്റിലെ മഹാരഥന്മാരായ രണ്ട് താരങ്ങള്‍ അംഗങ്ങളായ ക്ലബിലാണ് അജാസും ചേര്‍ന്നിരിക്കുന്നതെന്നും അതിനുള്ള ഒരു പ്രോത്സാഹനമെന്ന നിലയ്ക്കാണ് തന്റെ ജേഴ്‌സി മറ്റെല്ലാ ഇന്ത്യന്‍ താരങ്ങളെ കൊണ്ടും ഒപ്പിടുവിച്ചു വാങ്ങിയതെന്നും അശ്വിന്‍ പറഞ്ഞു. ജേഴ്‌സി സ്വീകരിച്ച അജാസ് പട്ടേല്‍ ഈ അവസരത്തില്‍ എന്ത് പറയണമെന്ന് തനിക്ക് അറിയില്ലെന്നും പക്ഷേ താന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ക്രിക്കറ്ററില്‍ നിന്നും ഇത്തരം ഒരു സമ്മാനം ലഭിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും പറഞ്ഞു.
advertisement
ജിം ലേക്കറിനും അനില്‍ കുംബ്ലെയ്ക്കും ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് നേടുന്ന ബൗളറാണ് അജാസ് പട്ടേല്‍. 1956ല്‍ ഓള്‍ഡ് ട്രാഫോഡില്‍ ആസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലായിരുന്നു ഇംഗ്ലീഷ് താരം ജിം ലേക്കര്‍ പത്തുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായത്. ഇതു കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കുശേഷമായിരുന്നു കുംബ്ലെയുടെ നേട്ടം. ഡല്‍ഹിയിലെ അന്നത്തെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ പ്രകടനം. രണ്ടു പതിറ്റാണ്ടുകഴിഞ്ഞ് മുംബൈയിലെ ചരിത്രമുറങ്ങുന്ന വാംഖഡെയിലാണ് അജാസിന്റെ അവിസ്മരണീയ പ്രകടനം.
പത്തുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ അജാസിനെ ഇന്ത്യന്‍ താരങ്ങളും ഗാലറിയും ഒരുപോലെ കൈയടികളോടെയാണ് വരവേറ്റത്. മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ഡ്രസിങ് റൂമിലെത്തി താരത്തെ അഭിനന്ദിച്ചിരുന്നു. ഇന്ത്യന്‍ വംശജനായ അജാസ് ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കുടുംബസമേതം ന്യൂസിലന്‍ഡിലേക്ക് കുടിയേറിയത്.
രണ്ടിന്നിങ്‌സുകളിലായി 14 വിക്കറ്റുകള്‍ താരം കൊയ്തിരുന്നു. എന്നാല്‍, അജാസിന്റെ പ്രകടനത്തിനു ടീമിനെ രക്ഷിക്കാനായിരുന്നില്ല. ഒരു ദിവസം ബാക്കിനില്‍ക്കെ ന്യൂസിലന്‍ഡിനെ ഇന്ത്യ 372 റണ്‍സിനു തകര്‍ത്തുവിടുകയായിരുന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കുകയും ചെയ്തു. കാണ്‍പൂരില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. നാട്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പതിനാലാം ടെസ്റ്റ് പരമ്പര ജയവുമാണിത്.