15 ഓവർ ബാക്കി നിൽക്കേ കളി സമനിലയിൽ അവസാനിപ്പിക്കാൻ ഇംഗ്ലണ്ട് നായകൻ തയ്യാറായിരുന്നു. എന്നാൽ സെഞ്ച്വറിയോടടുത്ത് നിന്ന രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും സ്റ്റോക്സിന് കൈകൊടുക്കാതെ വാഗ്ധാനം നിരസിക്കുകായിരുന്നു. ഇത് ഇംഗ്ലീഷ് താരങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. തുടർന്ന് രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും സെഞ്ച്വറി പൂർത്തിയാക്കിയതിന് ശേഷമാണ് കളിസമനിലയിൽ അവസാനിപ്പിച്ചത്. വാഷിംഗ്ടൺ സുന്ദറിന്റേത് ടെസ്റ്റിലെ കന്നി സെഞ്ച്വറിയായിരുന്നു.
ഇന്ത്യ 138 ഓവറിൽ 386 റൺസിൽ നിൽക്കേയാണ് സ്റ്റോക്സ് സമനില വാഗ്ധാനവുമായി കൈ നീട്ടിക്കൊണ്ട് മുന്നോട്ട് വന്നത്. എന്നാൽ ഇന്ത്യൻ താരങ്ങൾ അതിന് വഴങ്ങിയില്ല. ഈസമയം വാഷിങ്‌ടൺ സുന്ദർ 80ഉം ജഡേജ 89ഉം സ്കോർ നേടി നിൽക്കുകയായിരുന്നു. സെഞ്ചുറി തികയ്ക്കാനായി കളി തുടരാൻ ആവശ്യപ്പെട്ടതാണ് ഇംഗ്ളണ്ട് ടീമിന്റെ അതൃപ്തിക്ക് കാരണമായത്. മത്സരത്തിന് ശേഷമുള്ള ഹസ്തദാനത്തിൽ ഇന്ത്യൻ താരങ്ങളെ സ്റ്റോക്സ് അവഹേളിച്ചത് കൂടുതൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
advertisement
മത്സരശേഷമുള്ള പ്രസ് മീറ്റിൽ ഇതേക്കുറിച്ച് ചോദിച്ച ഇംഗ്ലീഷ് മാധ്യമ പ്രവർത്തകനോടാണ് ഗംഭീർ കയർത്ത് സംസാരിച്ചത്. ഇംഗ്ളണ്ട് ടീമിൽ ഒരാൾ ടെസ്റ്റിൽ കന്നി സെഞ്ച്റിയോടടുക്കുമ്പോൾ ഇംഗ്ളണ്ട് വ്യത്യസ്തമായി പെരുമാറുമായിരുന്നോ എന്നാണ് ഗംഭീർ ചോദിച്ചത്. ഒരാൾ 90 റൺസിലും മറ്റൊരാൾ 85 റൺസിലും ബാറ്റ് ചെയ്താൽ അവർ സെഞ്ച്വറി അർഹിക്കുന്നില്ലേ ?ഇംഗ്ലണ്ടിൽ നിന്നുള്ള ഒരാൾ 90 അല്ലെങ്കിൽ 85 റൺസിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ, അവരുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടാൻ അവസരം ലഭിച്ചിരുന്നെങ്കിൽ, നിങ്ങൾ അവരെ അത് ചെയ്യാൻ അനുവദിക്കുമായിരുന്നില്ലേ എന്നും ഗംഭീർ ചോദിച്ചു. രവീന്ദ്ര ജഡേജയും വാഷിംഗ്ടൺ സുന്ദറും സെഞ്ച്വറി അർഹിച്ചിരുന്നു എന്നും അവർ അങ്ങനെ കളിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കേണ്ടത് അവരുടെ ഇഷ്ടമാണെന്നും ഗംഭീർ പറഞ്ഞു.
ആദ്യ റൺ നേടുന്നതിന് മുൻപ് രണ്ട് വിക്കറ്റ് വീണിടത്തുനിന്നാണ് ടീം ഇന്ത്യ മത്സരം സമനില പിടിച്ചത്. രാഹുൽ-ശുഭ്മൻ ഗിൽ സഖ്യവും വാഷിങ്ടൺ സുന്ദർ-രവീന്ദ്ര ജഡേജ സഖ്യവും ചേർന്നാണ് ഇന്ത്യക്ക് സമനില സമ്മാനിച്ചത്.