അര്‍ജന്റീനൻ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ ഇന്‍റര്‍ മിയാമി അവരുടെ പിങ്ക് നിറത്തിലുള്ള പത്താം നമ്പർ ജഴ്സി നൽകിയാണ് സ്വാഗതം ചെയ്തത്. നമുക്ക് നിരവധി മികച്ച അനുഭവങ്ങൾ ഇനി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് താരം ആരാധകരോട് പറഞ്ഞു. ” ഇവിടെ നിങ്ങളോടൊപ്പം മിയാമിയിൽ മത്സരിക്കുന്നതിൽ ഞാൻ വളരെ ആകാംക്ഷയിലാണ്. നിങ്ങൾ എനിക്ക് നൽകിയ സ്നേഹത്തിന് എന്റെയും എന്റെ കുടുംബത്തിന്റെ പേരിൽ നിങ്ങൾക്കെല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നും മെസ്സി കൂട്ടിച്ചേർത്തു.
advertisement
നിലവിൽ മേജര്‍ ലീഗ് സോക്കറില്‍ തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ ജയിക്കാനാവാതെ പോയിന്റ് പട്ടികയിൽ താഴെയാണ് ഇന്റർ മിയാമി. എന്നാൽ ടീമിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ മെസ്സിക്ക് സാധ്യമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് മെസ്സി തന്റെ ആദ്യ ഔദ്യോഗിക പരിശീലന സെഷൻ നടത്തും എന്നും അറിയിച്ചിരുന്നു. വെള്ളിയാഴ്ച്ച മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളുമായി ലീഗ്സ് കപ്പ് മത്സരത്തില്‍ ആണ് മെസ്സി അരങ്ങേറ്റം കുറിക്കുന്നത്.
അതേസമയം അർജന്റീനയുടെ ലോകകപ്പ് ചാമ്പ്യനും ഒരു നിശ്ചിത കാലയളവിനുള്ളിൽ തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന നിലയിൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവുമായ മെസ്സി എംഎൽഎസിൽ ഏറ്റവും കുറഞ്ഞ പോയിന്റുള്ള ഒരു ക്ലബ്ബിൽ ആണ് ഇപ്പോൾ ചേർന്നിരിക്കുന്നത്. രണ്ട് വിജയങ്ങളോടെയാണ് ഇന്റർ മിയാമി സീസൺ ആരംഭിച്ചതെങ്കിലും പിന്നീട് പരാജയങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു. മെസ്സിയുടെ വരവോടെ ഇന്റർ മിയമിയുടെ തലവര മാറിമറിയുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം മെസ്സിയുടെ കരാർ രണ്ടര സീസണുകളാണെന്നും പ്രതിവർഷം 50 മില്യൺ മുതൽ 60 മില്യൺ ഡോളർ വരെ നൽകുമെന്നും ക്ലബ്ബ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. മൊത്തം കരാറിൽ 125 മില്യൺ മുതൽ 150 മില്യൺ ഡോളർ വരെ പണമായി മാത്രം നൽകും. കൂടാതെ ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കഴിഞ്ഞ ഡിസംബറിൽ ആണ് മെസി അർജന്റീനയെ ലോകകപ്പ് കിരീടം ചൂടിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളായാണ് മെസ്സി.