ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയ, ബെൽജിയം, ജർമനി എന്നീ ടീമുകളാണ് സെമിയിൽ കടന്നിരിക്കുന്നത്. ഇതിൽ ലോക രണ്ടാം റാങ്കുകാരായ ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ.
ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാല് മത്സരങ്ങളും ജയിച്ചതിൻറെ ആത്മവിശ്വാസത്തിലാണ് ബ്രിട്ടനെതിരായ മത്സരത്തിന് ഇറങ്ങിയത്. കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ഇന്ത്യ ദിൽപ്രീത് സിങ് നേടിയ ഗോളിൽ മുന്നിലെത്തി. തൊട്ടുപിന്നാലെ ബ്രിട്ടൻ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും തകർപ്പൻ സേവിലൂടെ ഇന്ത്യൻ ഗോൾകീപ്പർ ശ്രീജേഷ് അവരുടെ ഗോൾശ്രമം തടഞ്ഞു. ആദ്യ ക്വാർട്ടറിൽ ഒരു ഗോളിന്റെ ലീഡുമായി പിരിഞ്ഞ ഇന്ത്യ രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ രണ്ടാം ഗോൾ നേടി കളിയിൽ ലീഡ് ഇരട്ടിയാക്കി. കളിയുടെ 16ആം മിനിറ്റിൽ ഗുർജന്ത് സിങാണ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടിയത്.
advertisement
രണ്ട് ഗോളിന്റെ ലീഡ് സ്വന്തമായതോടെ ഇന്ത്യൻ താരങ്ങൾ പ്രതിരോധത്തിലേക്ക് വലിയുന്ന കാഴ്ചയാണ് കണ്ടത്. ബ്രിട്ടൻ പന്തുമായി മുന്നേറി ഇന്ത്യൻ ഗോൾമുഖത്തേക്ക് എത്തിയപ്പോഴെല്ലാം ഇന്ത്യൻ പ്രതിരോധ നിര മികച്ച രീതിയിൽ തന്നെ അവരെ തടഞ്ഞു നിർത്തി. ഗോളിന് കീഴിൽ നിന്ന ശ്രീജേഷ് തകർപ്പൻ സേവുകളുമായി കളം നിറഞ്ഞതോടെ ബ്രിട്ടൻ ഗോൾ നേടാൻ വിഷമിച്ചു. പിന്നീട് മൂന്നാം ക്വാർട്ടറിന്റെ അവസാന നിമിഷത്തിൽ പെനാൽറ്റി കോർണറിലൂടെ ഇയാൻ വാർഡാണ് ബ്രിട്ടനായി ഒരു ഗോൾ മടക്കിയത്.
ഒരു ഗോൾ നേടിയ ബ്രിട്ടൻ അവസാന ക്വാർട്ടറിൽ മേധാവിത്വം പുലർത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കിയതോടെ സമനില ഗോൾ നേടി അവർ കളി എക്സ്ട്രാ ടൈമിലേക്ക് നീട്ടിയെടുക്കും എന്ന തോന്നലുയർന്നു. എന്നാൽ 57ആം മിനിറ്റിൽ ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയ ഹാർദിക് സിങ് ബ്രിട്ടന്റെ തിരിച്ചുവരവ് അസാധ്യമാക്കുകയായിരുന്നു.
ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രതാപ ഇനങ്ങളിൽ ഒന്നായിരുന്നു ഹോക്കി. ഒരു കാലത്ത് ഹോക്കിയിൽ അജയ്യരായിരുന്ന ഇന്ത്യൻ ഹോക്കി ടീമിന് ഒളിമ്പിക്സ് ചരിത്രത്തിൽ എട്ട് സ്വർണ മെഡലുകളാണ് സ്വന്തമായുള്ളത്. എന്നാൽ പിന്നീട് പുറകോട്ട് പോയ ഇന്ത്യയുടെ ഹോക്കി ടീമിന് ഈ പ്രതാപം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യൻ ടീമിന്റേത്.
എന്നാൽ പിന്നീട് ഇന്ത്യൻ ടീം മികച്ച പ്രകടനങ്ങൾ നടത്തി മുന്നേറുകയായിരുന്നു. ആ പ്രകടനങ്ങൾ ടോക്യോയിലും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യൻ സംഘം. ഈ മുന്നേറ്റങ്ങളുടെ ഫലമായി അവർ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നു. ഒളിമ്പിക്സിൽ അവർ ആകെ പുറകോട്ട് പോയത് ഓസ്‌ട്രേലിയയോട് മാത്രമായിരുന്നു. എന്നാൽ ഇതിന് ശേഷം തുടർ ജയങ്ങൾ നേടി അവർ ആ തോൽവിയുടെ നിരാശ മായ്ച്ചുകളയുകയായിരുന്നു.