ഒളിമ്പിക്സിൽ 2008 ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രയിലൂടെ സ്വർണം നേടിയതിന് ശേഷം വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് നീരജ് ചോപ്ര.
ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.
ഫൈനലിൽ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ചോപ്ര രണ്ടാം റൗണ്ടിലാണ് തന്റെ മികച്ച ദൂരം കണ്ടെത്തിയത്. രണ്ടാം റൗണ്ടിൽ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തിൽ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റർ. ഇതിന് ശേഷം എറിഞ്ഞ ശ്രമങ്ങളിൽ ദൂരം മെച്ചപ്പെടുത്താൻ കഴിയാതിരുന്നതിനാൽ താരം അതെല്ലാം ഫൗൾ ആക്കുകയായിരുന്നു. പ്രാഥമിക റൗണ്ട് മുതൽ നീരജ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. താരത്തിന് പുറമെ ഫൈനലിൽ മത്സരിച്ച മറ്റാർക്കും 87 മീറ്റർ ദൂരം താണ്ടാൻ കഴിഞ്ഞില്ല.
Also read- Neeraj Chopra| തങ്കത്തിളക്കത്തിൽ ഇന്ത്യ; നീരജ് ചോപ്രയുടെ ചരിത്ര വിജയം ചിത്രങ്ങളിലൂടെ
ഫൈനലിൽ മത്സരിച്ച പാകിസ്താൻ താരമായ അർഷദ് നദീം 84.62 മീറ്ററാണ് എറിഞ്ഞത്. അതേസമയം 2017ലെ ലോക ചാമ്പ്യനും ടോക്യോയിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ടിരുന്ന ജർമനിയുടെ ജൊഹനാസ് വെറ്റർ ഫൈനലിൽ ആദ്യ എട്ട് സ്ഥാനങ്ങൾക്ക് പുറത്തായാണ് മത്സരം അവസാനിപ്പിച്ചത്. യോഗ്യത റൗണ്ടിൽ നിറം മങ്ങിയിരുന്നെങ്കിലും ഫൈനലിൽ ജർമൻ താരം തന്റെ മികവിലേക്ക് എത്തുമെന്നും യോഗ്യത റൗണ്ടിൽ ഒന്നാമത് എത്തിയ നീരജ് ചോപ്രക്ക് വെല്ലുവിളി ഉയർത്തുമെന്നും ഏവരും കരുതിയിരുന്നു. എന്നാൽ ഫൈനലിൽ 82.52 മീറ്റർ ആയിരുന്നു താരത്തിന്റെ മികച്ച പ്രകടനം.