വനിതകളുടെ 10മീ എയർ റൈഫിൾ സ്റ്റാന്റിംഗ് എസ് എച്ച് 1 ഇനത്തിലാണ് അവനി ലേഖരയുടെ സ്വർണ നേട്ടം. ഫൈനൽ മത്സരത്തിൽ 249.6 പോയിന്റ് നേടിയതോടെയാണ് അവനിയ്ക്ക് സ്വർണവും ഒപ്പം ഈ ഇനത്തിലെ ലോക റെക്കോർഡ് നേട്ടവും സ്വന്തമായത്. അവനിയുടെ സ്വർണ നേട്ടമുൾപ്പടെ ഇന്ത്യ ടോക്യോയിൽ ഇതുവരെ നാല് മെഡലുകളാണ് നേടിയത്.
യോഗ്യത റൗണ്ടിൽ 621.7 പോയിന്റോടെ ഏഴാം സഥാനത്തായാണ് അവനി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. തുടക്കത്തിലെ പതിഞ്ഞ തുടക്കത്തിന് ശേഷം മികച്ച രീതിയിൽ തിരിച്ചുവന്നാണ് അവനി ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഇന്ത്യക്കായി ചരിത്ര നേട്ടത്തോടെ സ്വർണം നേടിയ അവനി ലേഖരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ച പ്രധാനമന്ത്രി, അവനിയുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ഒപ്പം വാനോളം പുകഴ്ത്തുകയും ചെയ്തു. 'മികച്ച പ്രകടനം നടത്തിയ അവനിയ്ക്ക് അഭിനന്ദനങ്ങൾ. കഠിന പ്രയത്‌നത്തിലൂടെയാണ് നിങ്ങൾ സ്വർണ മെഡൽ നേടിയിരിക്കുന്നത്. ഷൂട്ടിങ്ങിനോടുള്ള നിങ്ങളുടെ അടങ്ങാത്ത അഭിനിവേശവും ആത്മസമർപ്പണവും കൊണ്ട് കൈവരിച്ച മെഡലാണിത്. ഇന്ത്യൻ കായിക രംഗത്തിന് ഇത് അഭിമാന നിമിഷമാണ്, ഭാവിയിലെ പ്രകടനങ്ങൾക്ക് മംഗളങ്ങൾ നേരുന്നു.' - പ്രധാനമന്ത്രി കുറിച്ചു.
നേരത്തെ ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ, ഹൈജമ്പിൽ വിനോദ് കുമാർ, ഡിസ്കസ് ത്രോയിൽ നിഷാദ് കുമാർ എന്നിവരാണ് ഇന്ത്യക്കായി മെഡലുകൾ നേടിയത്. ഇതിൽ ഭാവിനയും വിനോദും വെള്ളി മെഡലും, നിഷാദ് കുമാർ വെങ്കലവുമാണ് നേടിയത്.