ഇതോടെ ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി ഉയർന്നു. ഒരു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി നിലവിൽ 34ാ൦ സ്ഥാനത്താണ് ഇന്ത്യ.
പുരുഷന്മാരുടെ ഡിസ്കസ് ത്രോ എഫ് 56 വിഭാഗത്തിലാണ് ഇന്ത്യക്കായി യോഗേഷ് കാത്തൂണിയ വെള്ളി മെഡൽ നേടിയത്. സീസണിലെ താരത്തിന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ ദൂരം എറിഞ്ഞാണ് യോഗേഷ് കാത്തൂണിയയുടെ മെഡല്‍ നേട്ടം. ഈ വിഭാഗത്തില്‍ ബ്രസീല്‍ താരം ബാറ്റിസ്റ്റ ഡോസ് സാന്റോസ് സ്വര്‍ണവും ക്യൂബയുടെ എല്‍. ഡയസ് അല്‍ദാന വെങ്കലവും നേടി.
advertisement
പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിലാണ് ഇന്ത്യയുടെ ഇരട്ട മെഡൽ നേട്ടം പിറന്നത്. 2016 റിയോ പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി സ്വർണം നേടിയ ദേവേന്ദ്ര ഝജാരിയ ഇക്കുറി ടോക്യോയിൽ വെള്ളി മെഡൽ നേടിയപ്പോൾ, താരത്തിനൊപ്പം മത്സരിച്ച സുന്ദർ സിങ് ഗുർജർ വെങ്കലം സ്വന്തമാക്കി. ശ്രീലങ്കയുടെ ദിനേശ് പ്രിയന്തയ്ക്കാണ് സ്വർണം. ഫൈനലിൽ തന്റെ മികച്ച ദൂരമായ 64.35 മീറ്റർ കണ്ടെത്തി ഝജാരിയ വെള്ളി നേടിയപ്പോൾ സീസണിലെ തന്റെ മികച്ച ദൂരമാണ് (64.01മീറ്റർ) സുന്ദർ സിങ് കണ്ടെത്തിയത്. അതേസമയം ലോക റെക്കോർഡ് പ്രകടനത്തോടെയാണ് ശ്രീലങ്കൻ താരം സ്വർണം നേടിയത്.
മെഡൽ നേടിയ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഓരോരുത്തരുടെയും പ്രകടനങ്ങൾ എടുത്ത് പറഞ്ഞായിരുന്നു പ്രധാനമന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയത്.
ദേശീയ കായിക ദിനമായ ഇന്നലെയും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്. ടേബിൾ ടെന്നീസിൽ ഭാവിന പട്ടേൽ, ഹൈജമ്പിൽ വിനോദ് കുമാർ, ഡിസ്കസ് ത്രോയിൽ നിഷാദ് കുമാർ എന്നിവരാണ് ഇന്ത്യക്കായി മെഡലുകൾ നേടിയത്. ഇതിൽ ഭാവിനയും വിനോദും വെള്ളി മെഡലും, നിഷാദ് കുമാർ വെങ്കലവുമാണ് നേടിയത്.