ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് ലോക റെക്കോര്‍ഡ് ഭേദിച്ചത്. 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് മെഡല്‍ കരസ്ഥമാക്കിയത്. ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ സൃഷ്ടിച്ച റെക്കോര്‍ഡെല്ലാം ഭേദിച്ച് 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ അരക്കിട്ടുറപ്പിച്ചു. സുമിത്തിന്റെ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഏഴായി ഉയര്‍ന്നു. ഇന്ന് മാത്രം രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്.
ഹരിയാനയിലെ സോനീപഥ് സ്വദേശിയാണ് 23 കാരനായ സുമിത്. 2015 ല്‍ ഒരു മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പെട്ട് അദ്ദേഹത്തിന്റെ ഇടതുകാല്‍ മുട്ടിന് താഴേക്കുള്ള ഭാഗം നഷ്ടപ്പെട്ടിരുന്നു.
നേരത്തെ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ അവനി ലേഖരയാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ താരം, പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്ര നേട്ടം കൂടിയാണ് തന്റെ പേരിലാക്കിയത്. വനിതകളുടെ 10മീ എയര്‍ റൈഫിള്‍ സ്റ്റാന്റിംഗ് എസ് എച്ച് 1 ഇനത്തിലാണ് അവനി ലേഖരയുടെ സ്വര്‍ണ നേട്ടം. ഫൈനല്‍ മത്സരത്തില്‍ 249.6 പോയിന്റ് നേടിയതോടെയാണ് അവനിയ്ക്ക് സ്വര്‍ണവും ഒപ്പം ഈ ഇനത്തിലെ ലോക റെക്കോര്‍ഡ് നേട്ടവും സ്വന്തമായത്.
യോഗ്യത റൗണ്ടില്‍ 621.7 പോയിന്റോടെ ഏഴാം സഥാനത്തായാണ് അവനി ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. തുടക്കത്തിലെ പതിഞ്ഞ തുടക്കത്തിന് ശേഷം മികച്ച രീതിയില്‍ തിരിച്ചുവന്നാണ് അവനി ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഇന്ത്യക്കായി ചരിത്ര നേട്ടത്തോടെ സ്വര്‍ണം നേടിയ അവനി ലേഖരയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെ അഭിനന്ദനമറിയിച്ച പ്രധാനമന്ത്രി, അവനിയുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ഒപ്പം വാനോളം പുകഴ്ത്തുകയും ചെയ്തു. 'മികച്ച പ്രകടനം നടത്തിയ അവനിയ്ക്ക് അഭിനന്ദനങ്ങള്‍. കഠിന പ്രയത്നത്തിലൂടെയാണ് നിങ്ങള്‍ സ്വര്‍ണ മെഡല്‍ നേടിയിരിക്കുന്നത്. ഷൂട്ടിങ്ങിനോടുള്ള നിങ്ങളുടെ അടങ്ങാത്ത അഭിനിവേശവും ആത്മസമര്‍പ്പണവും കൊണ്ട് കൈവരിച്ച മെഡലാണിത്. ഇന്ത്യന്‍ കായിക രംഗത്തിന് ഇത് അഭിമാന നിമിഷമാണ്, ഭാവിയിലെ പ്രകടനങ്ങള്‍ക്ക് മംഗളങ്ങള്‍ നേരുന്നു.' - പ്രധാനമന്ത്രി കുറിച്ചു.