യുണൈറ്റഡിന്റെ രക്ഷകനായി റൊണാൾഡോ
കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മോശം ഫോമിലൂടെ കടന്നു പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റയ്‌ക്കെതിരായ വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം നേടിയത്. ഒരു ഘട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിൽക്കുകയായിരുന്ന യുണൈറ്റഡ് മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. യൂണൈറ്റഡിന്റെ വിജയ ഗോൾ നേടിയത് അവരുടെ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു.
ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിൽ യുണൈറ്റഡിനെ ഞെട്ടിച്ച് കൊണ്ട് അറ്റ്ലാന്റ മരിയോ പസാലിച്ചിലൂടെ 15ാ൦ മിനിറ്റിൽ ലീഡ് നേടി. 28ാ൦ മിനിറ്റിൽ മെറിഹ് ഡെമിറാൾ അറ്റ്‌ലാന്റയുടെ ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയിൽ ലഭിച്ച അവസരങ്ങൾ യുണൈറ്റഡ് താരമായ മാർക്കസ് റാഷ്‌ഫോഡ് നഷ്ടപ്പെടുത്തുകയും ചെയ്തതോടെ ഹോം ഗ്രൗണ്ടിൽ തോൽവി വഴങ്ങേണ്ടി വരുമോ എന്ന ആശങ്ക യുണൈറ്റഡ് ആരാധകർക്കിടയിൽ ഉയരാൻ തുടങ്ങി.
advertisement
ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ വാശിയോടെ പൊരുതിക്കളിച്ച യുണൈറ്റഡ് മാർക്കസ് റാഷ്‌ഫോഡിലൂടെ മത്സരത്തിലെ അവരുടെ ആദ്യ ഗോൾ നേടി. 53ാ൦ മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് നൽകിയ ത്രൂ പാസിലേക്ക് ഓടിയടുത്ത റാഷ്‌ഫോഡ് അറ്റ്ലാന്റ ഗോളിയെ കാഴ്ചക്കാരനാക്കി കൊണ്ട് പന്ത് വലയുടെ വലത് ഭാഗത്തേക്ക് പായിക്കുകയായിരുന്നു. ഒരു ഗോൾ നേടിയതോടെ ആവേശത്തിലായി യുണൈറ്റഡ് വൈകാതെ തന്നെ രണ്ടാം ഗോളും നേടി അറ്റ്ലാന്റയെ സമനിലയിൽ പിടിച്ചു. 75ാ൦ മിനിറ്റിൽ റൊണാൾഡോയുടെ ക്രോസിൽ നിന്നും ക്യാപ്റ്റൻ ഹാരി മഗ്വയറാണ് യുണൈറ്റഡിന്റെ രണ്ടാം ഗോൾ നേടിയത്.
മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച ഘട്ടത്തിലാണ് റൊണാൾഡോ യുണൈറ്റഡിന്റെ രക്ഷകനായി അവതരിച്ചത്. 81ാ൦ മിനിറ്റിൽ ലൂക് ഷാ ബോക്സിലേക്ക് ഉയർത്തി വിട്ട പന്തിലേക്ക് ഉയർന്നു ചാടിയ റൊണാൾഡോ തകർപ്പൻ ഹെഡറിലൂടെ യൂണൈറ്റഡിന്റെ മൂന്നാം ഗോളും ഒപ്പം വിലപ്പെട്ട മൂന്ന് പോയിന്റും നേടിക്കൊടുക്കുകയായിരുന്നു.
ഈ വിജയത്തോടെ ഗ്രൂപ്പ് എഫില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റുമായി യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് യങ് ബോയ്‌സിനെ പരാജയപ്പെടുത്തി.
ആദ്യ ജയം നേടി ബാഴ്‌സ, വമ്പൻ ജയവുമായി ബയേൺ
ഡൈനാമോ കീവിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം നേടിയ ബാഴ്‌സ സീസണിൽ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയമാണ് നേടിയത്. നിര്‍ണായകമായ മത്സരത്തില്‍ 36-ാം മിനിറ്റില്‍ പ്രതിരോധ താരം ജെറാര്‍ഡ് പിക്വേയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ബെന്‍ഫിക്കയോടും ബയേണ്‍ മ്യൂണിക്കിനോടും ബാഴ്‌സലോണ തോറ്റിരുന്നു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമൻ വമ്പന്മാരയ ബയേൺ മ്യുണിക് ബെൻഫിക്കയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി. 70ാ൦ മിനിറ്റ് വരെ ഗോൾരഹിത സമനിലയിലായിരുന്ന മത്സരത്തിൽ അവസാന 20 മിനിറ്റുകളിലാണ് ബയേൺ ബെൻഫിക്കയുടെ ഗോൾപോസ്റ്റിൽ നാല് ഗോളുകൾ അടിച്ചുകയറ്റിയത്. ബയേണിനായി ലിറോയ് സാനെ ഇരട്ടഗോളുകൾ നേടി. ലെവൻഡോവ്സ്കി ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ബെൻഫിക്ക താരമായ എവര്‍ട്ടന്‍ സോറസിന്റെ സെൽഫ് ഗോൾ ആയിരുന്നു.
ഗ്രൂപ്പ് ഇയിൽ ഒമ്പത് പോയിന്റുമായി ബയേൺ ആണ് ഒന്നാം സ്ഥാനത്ത്. ബാഴ്‌സ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.
നാലടിച്ച് ചെൽസി, തോൽവി അറിയാതെ യുവന്റസ്
കുഞ്ഞൻ ടീമായ മാൽമോയ്‌ക്കെതിരെ നാല് ഗോളിന്റെ ജയമാണ് ചെൽസി നേടിയത്. മത്സരത്തിൽ ചെൽസിക്കായി ജോര്‍ജിഞ്ഞ്യോ ഇരട്ടഗോള്‍ നേടി. ക്രിസ്റ്റെന്‍സന്‍, കയ് ഹാവെര്‍ട്ട്‌സ് എന്നിവരാണ് മറ്റ് ഗോള്‍ നേടിയത്.
മറ്റൊരു മത്സരത്തിൽ യുവന്റസ് സെനിത് സെന്റ് പീറ്റേഴ്‌സ്ബർഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ അവരുടെ കുതിപ്പ് തുടർന്നു. കുലുസേവ്‌സ്‌കിയാണ് യുവന്റസിനായി ഗോൾ നേടിയത്.
ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും ഒമ്പത് പോയിന്റുമായി യുവന്റസ് ഗ്രൂപ്പ് എച്ചിൽ ഒന്നാമതെത്തി. ആറ് പോയിന്റുമായി ചെൽസിയാണ് രണ്ടാം സ്ഥാനത്ത്.