2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്ന കാര്യവും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഐഒസി എക്‌സിക്യൂട്ടീവ് ബോർഡ് ഈ നിർദേശത്തിന് ഇതിനോടകം തന്നെ അംഗീകാരം നൽകിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്. “ക്രിക്കറ്റ് ആവേശത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്കും ക്രിക്കറ്റ് ആരാധകർക്കും നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണിത്”, എറിക് ഗാർസെറ്റി ന്യൂസ് 18 നോട് പറഞ്ഞു.
advertisement
ഐഒസി അംഗം നിത അംബാനിയുടെ ആതിഥേയത്വത്തെയും ഗാർസെറ്റി അഭിനന്ദിച്ചു. മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് 141-ാമത്തെ ഒളിമ്പിക് കമ്മിറ്റി മീറ്റിങ്ങ് നടന്നത്. 2036 ഒളിമ്പിക്‌സ് ഇന്ത്യയിൽ സംഘടിപ്പിക്കാനുള്ള താത്പര്യം പ്രധാനമന്ത്രി മോദി ശനിയാഴ്ച പരസ്യമായി അറിയിച്ചിരുന്നു. ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് 140 കോടി ഇന്ത്യക്കാരുടെ ചിരകാല സ്വപ്നവും അഭിലാഷവുമാണെന്ന് മോദി പറഞ്ഞു. ഐഒസി സെഷന്റെ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
”നിങ്ങളുടെ പിന്തുണയോടെ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 2029 യൂത്ത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ തയ്യാറാണ്. ഐഒസിയിൽ നിന്ന് ഇന്ത്യയ്ക്ക് പിന്തുണ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ ശ്രമത്തെ സർക്കാർ പിന്തുണയ്ക്കുമെന്ന് കായിക മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2010-ൽ ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസാണ് ഇന്ത്യ അവസാനമായി ആതിഥേയത്വം വഹിച്ച ഒരു മൾട്ടി-സ്‌പോർട്‌സ് ഇവന്റ്. അടുത്തിടെ ബോക്‌സിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി അഭിമാനകരമായ ടൂർണമെന്റുകളും രാജ്യത്ത് സംഘടിപ്പിച്ചിട്ടുണ്ട്.