കനേഡിയന്‍ താരം ഫെലിക്‌സ് ഓഗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡാനില്‍ മെദ്‌വദേവ് തോൽപ്പിച്ചത്. സ്‌കോര്‍ 6-4, 7-5, 6-2. 2019ലെ റണ്ണര്‍ അപ്പാണ് മെദ്‌വദേവ്. കരിയറിലെ മൂന്നാമത്തെ ഗ്രാന്‍സ്ലാം ഫൈനലിനാണ് മെദ്‌വദേവ് യോഗ്യത നേടിയിരിക്കുന്നത്.
തന്റെ ഒമ്പതാം യു എസ് ഓപ്പൺ ഫൈനലിനായി ഇറങ്ങുമ്പോൾ ജോക്കോയെ കാത്തിരിക്കുന്നത് രണ്ട് ചരിത്ര നേട്ടങ്ങളാണ്. അതിലൊന്ന് കലണ്ടർ സ്ലാം നേട്ടമാണെങ്കിൽ മറ്റേത് താരത്തിന്റെ 21ാ൦ ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണ്. ടെന്നീസിൽ ഒരു സീസണിലെ എല്ലാ മേജർ കിരീട നേട്ടങ്ങളും സ്വന്തമാക്കുമ്പോഴാണ് ഒരു താരത്തിന് കലണ്ടർ സ്ലാം സ്വന്തമാവുക. ഈ വർഷത്തെ വിംബിൾഡൺ ഉൾപ്പെടെ എല്ലാ കിരീടങ്ങളും നേടിയ ജോക്കോവിച്ചിന് മുന്നിൽ ബാക്കിയുള്ളത് യു എസ് ഓപ്പൺ കൂടിയാണ്. കിരീടനേട്ടം ഒരു ജയം മാത്രമകലെ നിൽക്കുമ്പോൾ എല്ലാവരുടെ കണ്ണുകളും ജോക്കോയിലേക്കാണ് നീളുന്നത്. യു എസ് ഓപ്പണിൽ ജയിച്ച് കലണ്ടർ സ്ലാമിന് പുറമെ ജോക്കോയ്ക്ക് 21 ഗ്രാൻഡ്സ്ലാം കിരീട നേട്ടം കൂടി സ്വന്തമാകും. പുരുഷ ടെന്നീസിൽ കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയ താരം എന്ന റെക്കോർഡ് ഇതോടെ ജോക്കോയുടെ പേരിലേക്ക് മാത്രമാകും. നിലവിൽ 20 വീതം ഗ്രാൻഡ്സ്ലാമുകൾ സ്വന്തമായുള്ള ജോക്കോയുടെയും ഫെഡററുടെയും നദാലിന്റെയും പേരിലാണ് റെക്കോർഡ്. യു എസ് ഓപ്പണിൽ ഫെഡററും നദാലും മത്സരിച്ചിരുന്നില്ല.
advertisement
ഫൈനലില്‍ വിജയിച്ചാല്‍ 52 വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ ടെന്നീസിൽ കലണ്ടർ സ്ലാം നേടുന്ന താരമായി ജോക്കോവിച്ച് മാറും. 1969ല്‍ റോഡ് ലാവറാണ് അവസാനമായി കലണ്ടര്‍ സ്ലാം സ്വന്തമാക്കിയത്. ടോക്യോ ഒളിമ്പിക്‌സിൽ സ്വര്‍ണം കൂടി നേടാനായിരുന്നെങ്കില്‍ 'ഗോള്‍ഡന്‍ സ്ലാം' എന്ന അതുല്യനേട്ടം കൂടി ജോക്കോയ്ക്ക് സ്വന്തമായേനെ. എന്നാൽ ടോക്യോയിൽ സെമിയിൽ സ്വരേവ് ജോക്കോയെ തോൽപ്പിച്ച് താരത്തിന്റെ ഗോൾഡൻ സ്ലാം മോഹം അവസാനിപ്പിക്കുകയായിരുന്നു.
റെക്കോർഡ് നേട്ടങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ജോക്കോ അവ രണ്ടും നേടാൻ ഉറപ്പിച്ചാണ് ഫൈനലിൽ ഇറങ്ങുക എന്നത് മത്സരശേഷമുള്ള ജോക്കോയുടെ പ്രതികരണത്തിൽ നിന്നും വ്യക്തമായിരുന്നു. ഫൈനലിന് സമ്മർദ്ദമുണ്ടാകുമെങ്കിലും താരം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 'ഫൈനല്‍ പോരാട്ടത്തെ എന്റെ കരിയറിലെ അവസാന മത്സരമായാണ് കാണുന്നത്. ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. എന്റെ മനസ്സും ആത്മാവും ശരീരവും എല്ലാം ഞാന്‍ അതിനായി സമര്‍പ്പിക്കും'- ജോക്കോവിച്ച് പറഞ്ഞു.