ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വമ്പൻ റെക്കോർഡിന് തൊട്ടരികെ എത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് മാന്ത്രികൻ വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡിലെത്താൻ ഇനി കോഹ്ലിക്ക് വെറും 42 റൺസ് മാത്രം നേടിയാൽ മതിയാകും. വഡോദര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഞായറാഴ്ച (ജനുവരി 11) നടക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ കോഹ്ലിക്ക് ഈ നേട്ടം കൈവരിക്കാനാകുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
advertisement
നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 27,975 റൺസാണ് കോഹ്‌ലിയുടെ പേരിലുള്ളത്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ (28,016) റെക്കോർഡിനേക്കാൾ 41 റൺസ് മാത്രം പിന്നിലാണദ്ദേഹം.സംഗക്കാര 666 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചതെങ്കിൽ, കോഹ്‌ലിക്ക് തന്റെ 624-ാം ഇന്നിംഗ്‌സിൽ തന്നെ അദ്ദേഹത്തെ മറികടക്കാൻ കഴിഞ്ഞേക്കും. ഈ പട്ടികയിൽ ഒന്നാമതുള്ള സച്ചിൻ ടെണ്ടുൽക്കറിന് 34,357 റൺസാണുള്ളത്.
മറ്റൊരു റെക്കോർഡും ഈ പരമ്പരയിൽ കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ കോഹ്‌ലിക്ക് ഈ മൂന്ന് മത്സരങ്ങളിൽ നിന്ന് 93 റൺസ് കൂടി മതിയാകും. നിലവിൽ 33 ഇന്നിംഗ്‌സുകളിൽ നിന്നായി 1,657 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 41 ഇന്നിംഗ്‌സുകളിൽ നിന്ന് 1,750 റൺസുമായി സച്ചിനാണ് ഈ പട്ടികയിൽ മുന്നിൽ.
ഓസ്‌ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഏകദിനം മുതൽ അന്താരാഷ്ട്ര മത്സരങ്ങളിലും വിജയ് ഹസാരെ ട്രോഫിയിലുമടക്കം തകർപ്പൻ ഫോമിൽ തുടരുന്ന കോഹ്‌ലിക്ക് ഏതൊരു റെക്കോർഡും അനായാസം മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസ്‌ട്രേലിയക്കെതിരെ പുറത്താകാതെ 74 റൺസ് നേടിയ അദ്ദേഹം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടർച്ചയായി രണ്ട് സെഞ്ചുറികളും തുടർന്ന് പുറത്താകാതെ 65 റൺസും നേടി. പത്ത് വർഷത്തിന് ശേഷം ഡൽഹിക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ കോഹ്‌ലി 131, 77 എന്നിങ്ങനെ റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.
