ഈ സീസണോടെ ആർസിബി ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്ന കോഹ്‌ലി, ഇന്നലത്തെ തോൽവിയോടെ ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കിരീടമില്ലാതെയാണ് പടിയിറങ്ങുന്നത്. എന്നാൽ നിരാശ പകരുന്ന തോൽവിക്കിടയിലും തലയുയർത്തിയാണ് യുഎഇയിൽ നിന്നും മടങ്ങുന്നതെന്ന് കോഹ്ലി പറഞ്ഞു. തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവെച്ച ട്വീറ്റിലാണ് കോഹ്ലി മനസ്സ് തുറന്നത്.
' മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നതിൽ നിരാശയുണ്ട്. പക്ഷേ സീസണിൽ ടീമിലെ ഓരോ അംഗവും പുറത്തെടുത്ത പ്രകടനത്തിൽ അഭിമാനമുണ്ട്. ആഗ്രഹിച്ച ഫലമല്ല ലഭിച്ചതെങ്കിലും തലയുയര്‍ത്തിയാണ് ഞങ്ങള്‍ മടങ്ങുന്നത്. ഞങ്ങളെ ഇതുവരെ പിന്തുണച്ച ആരാധകര്‍ക്കും ടീം മാനേജ്‌മെന്റിനും ഒരുപാട് നന്ദി' - കോഹ്ലി കുറിച്ചു.
advertisement
കോഹ്‌ലിയുടെ ട്വീറ്റിന് മറുപടിയുമായി അദ്ദേഹത്തിന്റെ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രംഗത്തെത്തിയിരുന്നു. വരുംതലമുറയ്ക്കുള്ള റോൾ മോഡലും ടീമിന്റെ വഴികാട്ടിയാണ് കോഹ്ലിയെന്നുമാണ് ആർസിബി മറുപടിയായി കുറിച്ചത്. ഈ സീസണിൽ കിരീടം നഷ്ടപ്പെട്ടെങ്കിലും അടുത്ത സീസണിൽ കിരീടം നേടാൻ പോരാടുമെന്നും ആർസിബി കൂട്ടിച്ചേർത്തു.
2008 മുതൽ ഐപിഎല്ലിൽ ആർസിബിയുടെ ഭാഗമായ കോഹ്ലി 2013 ലാണ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. ആർസിബിയെ കിരീടത്തിലേക്ക് നയിക്കാൻ താരത്തിന് കഴിഞ്ഞില്ലെങ്കിലും ആർസിബിക്ക് വേണ്ടി മികച്ച പ്രകടനം തന്നെയാണ് കോഹ്ലി പുറത്തെടുത്തത്. ഈ സീസണോടെ കോഹ്ലി ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോൾ അന്ത്യമാകുന്നത് ആർസിബിയുടെ ചരിത്രത്തിലെ ഒരു യുഗത്തിന് കൂടിയാണ്.
ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും പടിയിറങ്ങിയ കോഹ്ലി ഈ മാസം ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും കോഹ്ലി പടിയിറങ്ങുകയാണ്.