ടോസ് നേടിയ ശേഷം രോഹിത് തീരുമാനം പറയാൻ വൈകിയത് കണ്ട് കിവി ക്യാപ്റ്റൻ ടോം ലാഥം, മാച്ച് റഫറി ജവഗൽ ശ്രീനാഥ്, അവതാരകൻ രവി ശാസ്ത്രി എന്നിവരെല്ലാം ചിരിച്ചു. ഒടുവിൽ, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, ആദ്യം ബൗൾ ചെയ്യുമെന്ന്. റായ്പൂരിൽ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയം ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു ഏകദിന മത്സരത്തിന് ആതിഥ്യം വഹിക്കുന്നത്.
സാധാരണഗതിയിൽ ടോസ് ലഭിച്ചാൽ എന്തു ചെയ്യുമെന്ന തീരുമാനം മനസിൽ ഉറപ്പിച്ചാണ് ക്യാപ്റ്റൻമാർ വരുന്നത്. ടീം മീറ്റിങ്ങിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ടാകാം. എന്നാൽ ഇന്ന് രോഹിതിന്‍റെ അങ്കലാപ്പ് കണ്ട ഏതൊരു ക്രിക്കറ്റ് പ്രേമിയും ചിരിച്ചുപോയിട്ടുണ്ടാകാം.
advertisement
ആദ്യം പന്തെറിയാനുള്ള രോഹിതിന്‍റെ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ബോളർമാർ നൽകിയത്. ആദ്യ ഓവറിൽ തന്നെ ഫിൻ അലനെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് മുൻതൂക്കം സമ്മാനിച്ചു. വൈകാതെ കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് സിറാജ് ഹെൻറി നിക്കോൾസിനെ പവലിയനിലേക്ക് മടക്കി. അതിനുശേഷം ഷമി വീണ്ടും ആഞ്ഞടിച്ചു. ഇത്തവണ ഡാരിൽ മിച്ചലിന്റെ വിക്കറ്റാണ് ലഭിച്ചത്. തൊട്ടുപിന്നാലെ ഡെവൺ കോൺവെയും ക്യാപ്റ്റൻ ലഥാമിന്‍റെയും വിക്കറ്റുകൾ യഥാക്രമം ഹാർദിക് പാണ്ഡ്യയും ശാർദുൽ താക്കൂറും നേടി. ഇതോടെ അഞ്ചിന് 15 എന്ന നിലയിലേക്ക് ന്യൂസിലാൻഡ് കൂപ്പുകുത്തി.
ഹൈദരാബാദിൽ നടന്ന കഴിഞ്ഞ ഏകദിനത്തിൽ 12 റൺസിന് വിജയിച്ച ഇന്ത്യ, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ശുഭ്മാൻ ഗിൽ തന്റെ കന്നി ഡബിൾ സെഞ്ച്വറി നേടിയ മത്സരത്തിൽ യുവ ന്യൂസിലൻഡ് ഓൾറൗണ്ടർ മൈക്കൽ ബ്രേസ്‌വെൽ 78 പന്തിൽ 140 റൺസെടുത്തതോടെ ഇന്ത്യൻ ക്യാംപിനെ ആശങ്കയിലാഴ്ത്താനും കീവി നിരയ്ക്ക് കഴിഞ്ഞു.