തോൽവിയുടെ നിരാശയിലും ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ മെക്‌സിക്കോയും പോളണ്ടും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞത് അർജന്റീനയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്റുമായി സൗദി അറേബ്യ ഒന്നാം സ്ഥാനത്തും മെക്‌സിക്കോയും പോളണ്ടും ഓരോ പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളിലായുമാണ്. ആദ്യ കളി തോറ്റ അർജന്‍റീന അവസാന സ്ഥാനത്താണ്.
റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനെയും കരുത്തരായ മെക്‌സിക്കോയെയും അടുത്ത രണ്ട് മത്സരങ്ങളിൽ തോൽപ്പിക്കാൻ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനയ്ക്ക് കഴിഞ്ഞാൽ, അവർക്ക് ആറ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്താം. മെക്സിക്കോയും പോളണ്ടും അവരുടെ ശേഷിക്കുന്ന കളികളിൽ സൗദി അറേബ്യയെ തോൽപിച്ചാലും, ആറ് പോയിന്റുമായി ഗ്രൂപ്പ് സിയിൽ അർജന്റീന ഒന്നാമതാകും, മെക്സിക്കോയ്ക്കും പോളണ്ടിനും 4 പോയിന്റ് വീതമേ ഉണ്ടാകൂ. ഇതോടെ ഈ ടീമുകളിൽ ഗോൾശരാശരിയിൽ മുന്നിലുള്ള ടീം പ്രീ-ക്വാർട്ടറിലെത്തും.
advertisement
ഇനി മെസിയുടെ ടീം അടുത്ത രണ്ട് മത്സരങ്ങളിൽ ഒരു വിജയവും സമനിലയുമാണ് നേടുന്നതെങ്കിൽ, മതിയായ ഗോൾ വ്യത്യാസമുണ്ടെങ്കിൽ രണ്ടാം റൌണ്ടിലേക്ക് മുന്നേറാനാകും. നവംബർ 27 ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് കരുത്തരായ മെക്‌സിക്കോയ്‌ക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളുമായുള്ള മത്സരത്തിൽ ഏതെങ്കിലുമൊന്ന് തോറ്റാൽ അർജന്‍റീനയ്ക്ക് പുറത്തേക്കുള്ള വഴി തെളിയും. രണ്ടു മത്സരങ്ങളും സമനിലയിൽ കലാശിച്ചാൽ പോലും ഖത്തർ അർജന്‍റീനയ്ക്ക് വേദനയുള്ള ഓർമ്മയായി മാറും.
Also Read- പരാജയമറിയാതെ 36 മാച്ചുകൾ; ഒടുവിൽ സൗദിയ്ക്ക് മുന്നില്‍ ദുർബലരായി അര്‍ജന്റീന
രണ്ട് മത്സരങ്ങളും ജയിച്ചാൽ അർജന്‍റീനയ്ക്ക് തിരിഞ്ഞുനോക്കേണ്ടതില്ല, എന്നാൽ, ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് സമനിലയാകുകയും ചെയ്താൽ മികച്ച ഗോൾ ശരാശരി കാത്തുസൂക്ഷിക്കുകയും, മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചുമായിരിക്കും മെസിയുടെ ടീമിന്‍റെ ഭാവി. ചുരുക്കം പറഞ്ഞാൽ ഇനി അർജന്‍റീനയെ കാത്തിരിക്കുന്നത് ജീവൻമരണ പോരാട്ടങ്ങളാണെന്ന് സാരം.