“സഞ്ജു മികച്ച താരമാണെന്നതിൽ തർക്കമില്ല. എന്നാൽ ഇപ്പോൾ നോക്കൂ, ഓപ്പണർമാർ ഒഴികെ എല്ലാവരും ഏത് നമ്പരിൽ ബാറ്റിങ്ങിന് ഇറക്കിയാലും നന്നായി കളിക്കുന്നവരാണ്. ഓപ്പണിങ് റോളിൽ സഞ്ജു മികച്ച ഇന്നിങ്സുകളാണ് കളിച്ചിട്ടുള്ളത്. എന്നാൽ ശുഭ്മൻ ഗിൽ സഞ്ജുവിന് മുമ്പുതന്നെ ആ റോളിൽ കളിച്ചിട്ടുണ്ട്, ശ്രീലങ്കക്കെതിരെ. അദ്ദേഹം സെഞ്ചുറി നേടിയിട്ടുമുണ്ട്. അതുകൊണ്ട് അദ്ദേഹം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ യോഗ്യനാണ്. സഞ്ജുവിന് എപ്പോഴും അവസരം നൽകുന്നുണ്ട്. ഏത് നമ്പരിലും ബാറ്റ് ചെയ്യാൻ അദ്ദേഹം തയാറാണ്. അങ്ങനെയൊരു താരമുണ്ടാകുന്നത് വളരെ വലിയ കാര്യമാണ്''- സൂര്യകുമാർ യാദവ് പറഞ്ഞു.
advertisement
ഓപ്പണർമാർ ഒഴികെയുള്ള ബാറ്റർമാർ മൂന്നാം നമ്പർ മുതൽ ആറ് വരെ ഏത് സ്ലോട്ടിലും കളിക്കാന്‍ തയാറായിരിക്കണം. നമുക്ക് രണ്ട് വിക്കറ്റ് കീപ്പർമാരുണ്ട്. ആവശ്യമെങ്കിൽ ഇരുവരെയും ഇലവനിൽ ഉൾപ്പെടുത്താം, ഏതു പൊസിഷനിലും ഇറക്കാം. ഒരേ സമയം ഗുണകരമായതും എന്നാൽ തലവേദന സൃഷ്ടിക്കുന്നതുമായ കാര്യമാണത്. നിലവിലുള്ള ടീമിനെ കൂടുതൽ കരുത്തുറ്റതാക്കി ടി20 ലോകകപ്പിനായി തയാറെടുക്കുകയെന്ന ലക്ഷ്യമാണ് മുന്നിലുള്ളത്” -സൂര്യകുമാർ പറഞ്ഞു.
2023 മുതൽ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായ സഞ്ജു, 2024 ഒക്ടോബറിലാണ് ഓപ്പണിങ് റോളിലെത്തിയത്. ഒക്ടോബർ - നവംബർ സീസണിൽ ഓപ്പണറായെത്തിയ അഞ്ചിൽ മൂന്ന് ഇന്നിങ്സിൽ സെഞ്ചുറിയടിച്ച് ചരിത്രം കുറിക്കുകയും ചെയ്തു. ഇതോടെ അഭിഷേക് ശർമക്കൊപ്പം ഓപ്പൺ ചെയ്യാൻ ഏറ്റവും അനുയോജ്യൻ സഞ്ജുവാണെന്ന വിലയിരുത്തലുമുണ്ടായി. എന്നാൽ ഈ വർഷമാദ്യം നടന്ന ഏഷ്യാകപ്പിനുള്ള ടീമിൽ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ എത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ഏകദിനത്തിലും ടെസ്റ്റിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഗിൽ, ഒരുവർഷത്തെ ഇടവേളക്കു ശേഷമാണ് ടി20 ടീമിലെത്തിയത്. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിനെ വൈകാതെ ടി20 ഫോർമാറ്റിലും നായകനാക്കാനുള്ള നീക്കമാണിതെന്നാണ് അഭ്യൂഹം. ഗിൽ ഓപ്പണറായതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി. ഏഷ്യാകപ്പിലെ പല മത്സരങ്ങളിലും സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.
