2025 ലെ ഐപിഎൽ അവസാനിച്ചതിന് തൊട്ടുപിന്നാലെ, രാജസ്ഥാൻ റോയൽസിലെ ചിലതാരങ്ങളെ ചെന്നൈ സൂപ്പർ കിംഗ്സ് ലക്ഷ്യം വച്ചിട്ടുണ്ടെന്ന തരത്തിൽ വാർത്തകൾ സോഷ്യൻ മീഡിയയിൽ പ്രചരിച്ചിരുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ അവരുടെ ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ എംഎസ് ധോണിക്ക് പകരക്കാരായി സഞ്ജു സാംസണെ പരിഗണിക്കുന്നുണ്ടെന്ന തരത്തിലുള്ള അവകാശവാദമായിരുന്നു അവയിലൊന്ന്.
കുറച്ച് സീസണുകളായി രാജസ്ഥാന്റെ ക്യാപ്റ്റനാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സഞ്ജു സാംസൺ. ഓപ്പണർ, ടോപ് ഓർഡർ ബാറ്റ്സ്മാൻ എന്നീ നിലകളിൽ കളത്തിലിറങ്ങുന്ന സഞ്ജു രാജസ്ഥാന്റെ ഒന്നാം നമ്പർ താരവുമാണ്.ധോണിയുടെ ഐപിഎൽ കരിയറിന്റെ അവസാനഘട്ടത്തിലേക്കടുക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി പരിചയസമ്പത്തുള്ള സഞ്ജു നല്ലൊരു തിരഞ്ഞെടുപ്പാകുമെന്നായിരുന്നു വിവധ കോണുകളിൽ നിന്നും അഭിപ്രായങ്ങളുയർന്നത്.
advertisement
എന്നാൽ ഇത്തരം അഭ്യുഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സഞ്ജുവിനെയോ അവരുടെ മറ്റ് കളിക്കാരെയോ കൈമാറ്റം ചെയ്യാൻ രാജസ്ഥാൻ റോയൻസ് പദ്ധതിയിടുന്നില്ലെന്നും സഞ്ജു ടീമിന്റെ അഭിവാജ്യ ഘടകമാണെന്നും സാംസൺ രാജസ്ഥാന്റെ തർക്കമില്ലാത്ത ക്യാപ്റ്റനായി തുടരാണ് ആഗ്രഹിക്കുന്നതെന്നും ഫ്രാഞ്ചൈസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.സിഎസ്‌കെയെ കൂടാതെ, മൂന്ന് തവണ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് സഞ്ജു പോകുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.
ചൂണ്ടുവിരലിനേറ്റ പരിക്കിനെത്തുടർന്ന് കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാനു വേണ്ടി വളരെക്കുറച്ചു മത്സരങ്ങൾ മാത്രമെ സഞ്ജു രാജസ്ഥാന് വേണ്ടി കളിച്ചിരുന്നുള്ളു. 9 മത്സരങ്ങളിൽ നിന്ന് 140.39 സ്ട്രൈക്ക് റേറ്റിൽ 285 റൺസ് മാത്രമായിരുന്നു സഞ്ജുവിന് നേടാനായത്. അദ്ദേഹത്തിന്റെ അഭാവത്തിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിച്ചത്.
2012 ൽ കെകെആറുമായാണ് സാംസൺ ആദ്യമായി ഐപിഎൽ കരാറിൽ ഒപ്പുവെക്കുന്നത്. എന്നാൽ അദ്ദേഹത്തെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് അദ്ദേഹം രാജസ്ഥാനിൽ ചേരുകയും പഞ്ചാബ് കിംഗ്സിനെതിരെ (അന്ന് കിംഗ്സ് ഇലവൻ പഞ്ചാബ്) ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. നാല് സീസണുകൾ സഞ്ജു രാജസ്ഥാൻ ടീമിൽ തുടർന്നു. പിന്നീട് രാജസ്ഥാൻ ടീമിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തിയപ്പോൾ ഡൽഹി ടീമിന്റെ ഭാഗമായി.
2018 ലെ ഐപിഎൽ ലേലത്തിൽ, രാജസ്ഥാൻ അടിസ്ഥാന വിലയായ 18 കോടി രൂപയ്ക്ക് സഞ്ജുവിനെ വീണ്ടും ടീമിലെത്തിച്ചു. മൂന്ന് വർഷത്തിന് ശേഷം ക്യാപ്റ്റനായി. നായകനെന്ന നിലയിലുള്ള തന്റെ ആദ്യ മത്സരത്തിൽ തന്നെ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. ഇതുവരെ 177 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 4704 റൺസ് സാംസൺ നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും 26 അർദ്ധ സെഞ്ച്വറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.