ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍ – അബ്ദുള്ള ഷഫീഖ് സഖ്യമാണ് പാകിസ്ഥാന്റെ ജയം എളുപ്പമാക്കിയത്. 21.1 ഓവറില്‍ 128 റണ്‍സാണ് ഇരുവരും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയ ഫഖര്‍ സമാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 74 പന്തുകള്‍ നേരിട്ട് 3 ഫോറും 7 സിക്‌സും അടിച്ച് 81 റണ്‍സെടുത്ത സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. ഷഫീഖ് 69 പന്തില്‍ നിന്ന് 2 സിക്‌സും 9 ഫോറുമടക്കം 68 റണ്‍സെടുത്തു.
അതേസമയം, ക്യാപ്റ്റന്‍ ബാബര്‍ അസമിന് ബംഗ്ലാദേശിനെതിരായ മത്സരത്തിലും തിളങ്ങാനായില്ല. 9 റൺസെടുത്ത് പാക് ക്യാപ്റ്റൻ പുറത്തായി. മുഹമ്മദദ് റിസ്വാന്‍ (26), ഇഫ്തിഖര്‍ അഹമ്മദ് (17) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹിദി ഹസന്‍ മിറാസ് 3 വിക്കറ്റ് വീഴ്ത്തി.
advertisement
Also Read- World Cup 2023 | വിരാട് കോഹ്ലി ഉൾപ്പടെ മൂന്ന് സൂപ്പർതാരങ്ങൾക്ക് നാണക്കേടിന്‍റെ ലോകകപ്പ് റെക്കോർഡ്
നേരത്തേ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 45.1 ഓവറില്‍ 204 റണ്‍സിന് എല്ലാവരും പുറത്തായി. മഹ്‌മദുള്ള, ലിട്ടണ്‍ ദാസ്, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. 70 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത മഹ്‌മദുള്ളയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. ലിട്ടണ്‍ ദാസ് 64 പന്തുകള്‍ നേരിട്ട് 45 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 79 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിങ്സിലെ ഉയര്‍ന്ന കൂട്ടുകെട്ട്.
ഷാക്കിബ് 64 പന്തില്‍ നിന്ന് 43 റണ്‍സെടുത്തു. 30 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മെഹിദി ഹസന്‍ മിറാസും ഭേദപ്പെട്ട പ്രകടനം നടത്തി. ഇവരൊഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല.
3 വീതം വിക്കറ്റ് വീഴ്ത്തി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് വസീമും പാകിസ്ഥാനായി തിളങ്ങി. ഹാരിസ് റൗഫ് 2 വിക്കറ്റെടുത്തു.