കഴിഞ്ഞ ദിവസം ന്യൂസിലാൻഡിനെ 190 റൺസിന് തകർത്തപ്പോൾ 15 സിക്സറുകളാണ് ദക്ഷിണാഫ്രിക്കക്കാർ അടിച്ചുകൂട്ടിയത്. ഈ ലോകകപ്പിൽ ഇതുവരെ അവർ അടിച്ചുകൂട്ടിയതാകട്ടെ 82 സിക്സറുകളും. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവുമധികം സിക്സർ അടിക്കുക എന്ന റെക്കോർഡും അവർ സ്വന്തമാക്കി. 2019ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ഇംഗ്ലണ്ട് നേടിയ 76 സിക്സർ എന്ന നേട്ടമാണ് ദക്ഷിണാഫ്രിക്കക്കാർ പഴങ്കഥയാക്കിയത്.
ദക്ഷിണാഫ്രിക്കക്കയ്ക്ക് വേണ്ടി മിന്നുന്ന ഫോമിൽ കളിക്കുന്ന ക്വിന്‍റൻ ഡികോക്ക് തന്നെ ഏറ്റവുമധികം സിക്സറുകൾ നേടിയത്. ഈ ലോകകപ്പിൽ ഇതുവരെ ഡികോക്ക് 18 സിക്സറുകൾ അടിച്ചിട്ടുണ്ട്. ഹെയ്ന്റിച്ച് ക്ലാസന്‍ 17 ഉം മില്ലര്‍ 14 ഉം സിക്സറുകൾ നേടി.
advertisement
ഇവരെ കൂടാതെ, മാർക്കോ ജാൻസൻ (9 സിക്‌സറുകൾ, 6 ഇന്നിംഗ്‌സ്), എയ്ഡൻ മാർക്രം (7 ഇന്നിംഗ്‌സിൽ നിന്ന് 8 സിക്‌സറുകൾ), റാസി വാൻ ഡെർ ഡസ്‌സെൻ (7 ഇന്നിംഗ്‌സിൽ നിന്ന് 7 സിക്‌സറുകൾ) എന്നിവരും ദക്ഷിണാഫ്രിക്കയുടെ സിക്‌സർ പട്ടികയിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.
ഡി കോക്ക് (545 റൺസ്), മർക്രം (362 റൺസ്), വാൻ ഡെർ ഡസ്സൻ (353 റൺസ്), ഹെൻറിച്ച് ക്ലാസൻ (315 റൺസ്) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടിയുള്ള റൺസ് വേട്ടയിൽ മുന്നിൽ. ഇതിൽ ഡികോക്കാണ് ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവുമധികം റൺസ് നേടിയിട്ടുള്ള താരം.