'ശനിയാഴ്ച താരത്തെ അറസ്റ്റ് ചെയ്തു, താരത്തെ അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യത്തിൽ വിടണമെന്ന ഹരിയാന ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം താരത്തെ ജാമ്യത്തിൽ വിടുകയും ചെയ്തു.' ഹാൻസി എസ്പി നിതിക ഗോലോട്ട് വ്യക്തമാക്കി. അതേസമയം, യുവരാജിന്റെ ഫോൺ പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ട്. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവരാജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
2020 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. രോഹിത് ശര്‍മയുമായുള്ള (Rohit Sharma) ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിന് ഇടയിലാണ് യുവരാജ് വിവാദ പരാമർശം നടത്തിയത്. ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെ താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു. തമാശയായിട്ടാണ് താരം അത് പറഞ്ഞതെങ്കിലും ചാഹലിനെ കളിയാക്കാൻ യുവി തിരഞ്ഞെടുത്ത വാക്ക് ദളിത് സംഘടനകളെയും ഒരു വിഭാഗം ആരാധകരെയും പ്രകോപിതരാക്കി.
advertisement
ഇതിന് ശേഷം, യുവിക്കെതിരെ നടപടി വേണമെന്ന് സമൂഹ മാധ്യമങ്ങളിൽ വാദം ഉയർന്നിരുന്നു. യുവരാജ് മാപ്പ് പറയണമെന്ന ഹിന്ദി ഹാഷ്ടാഗുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അർബുദത്തെ തോൽപ്പിച്ചെത്തിയ താരമാണെങ്കിലും ഇത്തരം ജാതീയ ചിന്തകളെ ഇനിയും തോൽപ്പിക്കാൻ താരത്തിനായിട്ടില്ല എന്ന വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു.
കോവിഡ് വ്യാപനം മൂലം രാജ്യം ലോക്ക്ഡൗണിലായിരുന്ന സമയത്ത് ടിക് - ടോകിൽ വിഡീയോകൾ ചെയ്ത് സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇന്ത്യൻ താരമായ ചാഹൽ. വീട്ടിലെ അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചായിരുന്നു പലപ്പോഴും ചാഹൽ വീഡിയോകൾ ചെയ്തിരുന്നത്. രോഹിത് ശർമയുമൊത്തുള്ള ലൈവ് ചാറ്റിനിടെ ഇക്കാര്യം ചർച്ചയായപ്പോൾ തമാശരൂപേണ താരത്തിന്റെ വായിൽ നിന്നും അറിയാതെ വന്ന വാക്കാണ് പിന്നീട് വലിയ വിവദത്തിലേക്ക് നയിച്ചത്. ആരാധകരും ദളിത് സംഘടനകളും ഇത് വലിയ വിവാദമാക്കിയതോടെ യുവരാജ് പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു. ജാതീയ തരംതിരുവുകളിൽ താൻ വിശ്വസിക്കുന്നില്ല എന്നാണ് യുവരാജ് പറഞ്ഞത്.
ഇതിന് ശേഷമാണ് ഹരിയാന പോലീസിൽ താരത്തിനെതിരെ പരാതി ലഭിച്ചതും സംഭവത്തിൽ അറസ്റ്റ് നടന്നതും താരത്തെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജാമ്യത്തിൽ വിട്ടയച്ചതും.