യോഗ്യത
ഇന്ത്യന്‍ പൗരനായിരിക്കണം. 35 വയസ്സാണ് ഉപരാഷ്ട്രപതി ആകാനുള്ള കുറഞ്ഞ പ്രായം. രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകള്‍ ഉണ്ടായിരിക്കണം.കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഏതെങ്കിലും സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയ്ക്ക് ഉപരാഷ്ട്രപതിയാകാന്‍ സാധിക്കില്ല.
ശമ്പളം
'സാലറീസ് ആന്റ് അലവന്‍സസ് ഓഫ് പാര്‍ലമെന്റ് ഓഫീസേഴ്‌സ് ആക്ട് 1953' അനുസരിച്ചാണ് ഉപരാഷ്ട്രപതിയുടെ ശമ്പളം നിശ്ചയിക്കപ്പെടുന്നത്. സ്പീക്കറുടെ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും തുല്യമായ തുകയായിരിക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുക. കാരണം, ഉപരാഷ്ട്രപതി രാജ്യസഭ അദ്ധ്യക്ഷൻ കൂടിയാണ്.
advertisement
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാല് ലക്ഷം രൂപയാണ് പ്രതിമാസം ഉപരാഷ്ട്രപതിയുടെ ശമ്പളം. ഇതിന് പുറമെ ചില ആനുകൂല്യങ്ങള്‍ കൂടി ലഭിക്കുന്നു.
താമസം
ന്യൂഡല്‍ഹിയിലെ മൗലാന ആസാദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഉപരാഷ്ട്രപതി ഭവന്‍ ആണ് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതി. 1962 മെയ് മുതല്‍, ന്യൂഡല്‍ഹിയിലെ മൗലാന ആസാദ് റോഡിലെ നമ്പര്‍ 6ലെ ബംഗ്ലാവ് ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ്.
6.48 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് വസതി സ്ഥിതിചെയ്യുന്നത്. തെക്ക് മൗലാന ആസാദ് റോഡ്, കിഴക്ക് മാന്‍ സിംഗ് റോഡ്, പടിഞ്ഞാറ് രാജ്പഥിനോട് ചേര്‍ന്നുള്ള പ്രദേശം എന്നിവയാണ് ഉപരാഷ്ട്രപതി ഭവന്റെ അതിര്‍ത്തികള്‍.
ആനുകൂല്യങ്ങള്‍
ശമ്പളത്തിന് പുറമെ ഉപരാഷ്ട്രപതിയ്ക്ക് നിരവധി അലവന്‍സുകളും ലഭിക്കുന്നുണ്ട്. സൗജന്യ വൈദ്യ സഹായം, സൗജന്യ ട്രെയിന്‍ യാത്ര, വിമാന യാത്ര, ലാന്‍ഡ് ലൈന്‍ കണക്ഷന്‍, സൗജന്യ മൊബൈല്‍ ഫോണ്‍ സേവനം എന്നിവയാണ് ഉപരാഷ്ട്രപതിയ്ക്ക് ലഭിക്കുന്ന പ്രധാന ആനൂകൂല്യങ്ങള്‍. ഇതുകൂടാതെ വ്യക്തിഗത സുരക്ഷയും മറ്റ് ജീവനക്കാരും ഉണ്ട്.
രാഷ്ട്രപതിയുടെ ചുമതലകള്‍ ഉപരാഷ്ട്രപതി ഏറ്റെടുക്കുന്ന ഘട്ടത്തില്‍ രാഷ്ട്രപതിയുടെ അതേ ശമ്പളവും ആനുകൂല്യങ്ങളുമായിരിക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുക. രാഷ്ട്രപതിയ്ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും അപ്പോള്‍ ഇദ്ദേഹത്തിന് ലഭിക്കും.
മാസം 5 ലക്ഷം രൂപയാണ് രാഷ്ട്രപതിയുടെ അടിസ്ഥാന ശമ്പളം. പ്രസിഡന്റ്സ് അച്ചീവ്മെന്റ് ആന്റ് പെന്‍ഷന്‍ ആക്ട് 1951 അനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രാഷ്ട്രപതിയാണ്. 2018 ലാണ് 1,50,000ത്തില്‍ നിന്ന് രാഷ്ട്രപതിയുടെ ശമ്പളം 5 ലക്ഷമാക്കി ഉയര്‍ത്തിയത്.
ലോകത്തിലെ രാഷ്ട്രത്തലവന്മാരുടെ ഔദ്യോഗിക വസതികളില്‍ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ വസതി അഥവാ രാഷ്ട്രപതി ഭവന്‍. ബ്രിട്ടീഷ് കാലത്ത് വൈസ്രോയിയുടെ ഇന്ത്യന്‍ വസതിയായിരുന്നു ഇത്. പിന്നീടാണ് രാഷ്ട്രപതി ഭവനായി മാറുന്നത്. 1929ലാണ് ഇതിന്റെ പണി പൂര്‍ത്തിയായത്. ഔദ്യോഗിക വസതി അടങ്ങുന്ന കെട്ടിടത്തിന് 340 മുറികളുണ്ട്. റിസെപ്ഷന്‍ ഹാള്‍, അതിഥികള്‍ക്കുള്ള മുറി, ഓഫീസുകള്‍ ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു. 320 ഏക്കര്‍ വിസ്തൃതിയുള്ള പ്രസിഡന്റ്ഷ്യല്‍ എസ്റ്റേറ്റ് ആണ് മറ്റൊരു ഭാഗം. വിശാലമായ ഉദ്യാനം, അംഗരക്ഷകരുടെ വസതികള്‍, തുറസ്സായ ഇരിപ്പിടങ്ങള്‍, മറ്റ് ഓഫീസുകള്‍ എല്ലാം അടങ്ങുന്നതാണ് ഇത്.
