ഞായറാഴ്ച സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികൾ ഏകദേശം 1,000–2,000 പേരടങ്ങുന്ന ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. 50-ലധികം വെടിവയ്പ്പുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിഭ്രാന്തരായ ആളുകൾ ചിതറിയോടുകയും വീടുകളിൽ അഭയം പ്രാപിക്കുകയും ചെയ്തു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് സ്ഥിരീകരിച്ചു. തോക്കുധാരികളിൽ ഒരാൾ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടാമത്തെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ മേഖലയും ലോക്ക്ഡൗണിൽ തുടരുന്നതിനാലും സുരക്ഷാ പ്രവർത്തനങ്ങൾ തുടരുന്നതിനാലും ബീച്ചിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പരിക്കേറ്റ നിരവധി ആളുകളെ സിഡ്‌നിയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ എഎഫ്പിയോട് പറഞ്ഞു.
ബോണ്ടിയ സംഭവിച്ചത് ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്നും പോലീസും അടിയന്തര സേവനങ്ങളും ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ജനക്കൂട്ടം ചിതറിയോടുന്നതും, സൈറണുകൾ മുഴങ്ങുന്നതും, പരിക്കേറ്റവരെ ചികിത്സിക്കാൻ അടിയന്തര ഉദ്യോഗസ്ഥർ ഓടിയെത്തുന്നതുമായ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട് . പോലീസ് സംഭവം അന്വേഷിക്കുന്നതിനാൽ പ്രദേശം അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബോണ്ടി ബീച്ച് ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
