ന്യൂ ബനേശ്വറിൽ നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റതായി കരുതപ്പെടുന്ന പ്രതിഷേധക്കാരിൽ ഒരാൾ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പരിക്കേറ്റ നിരവധി പേരുടെ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.
ദമാകിൽ, ദമാക് ചൗക്കിൽ നിന്ന് മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് ചെയ്ത പ്രതിഷേധക്കാർ, നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയുടെ കോലം കത്തിക്കുകയും ഓഫീസ് ഗേറ്റുകൾ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.പോലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കികളും കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്രതിഷേധത്തിനിടെ നിരവധി ബൈക്കുകളും കത്തിച്ചു.
advertisement
അതേസമയം, സോഷ്യൽ മീഡിയ നിരോധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നുവരികയാണെന്ന് സർക്കാർ വക്താവ് പൃഥ്വി സുബ്ബ ഗുരുങ് പറഞ്ഞു. പ്രധാനമന്ത്രി കെ പി ശർമ്മ ഒലി വിളിച്ചുചേർത്ത മന്ത്രിസഭാ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
"ജനങ്ങളുടെ ജീവനേക്കാൾ പ്രധാനമല്ല സർക്കാരിന്റെ തീരുമാനങ്ങൾ" എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനാണ് ഏറ്റവും പ്രധാനം. നയപരമായ കാര്യങ്ങളിൽ സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെങ്കിൽ, അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാൾ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകൾ നേപ്പാൾ സർക്കാർ നിരോധിച്ചു.