കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികളാണ് ഈ ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ ചികിത്സ തേടിയെത്തുന്നത്. ഡോക്ടര്‍മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശാസ്ത്രീയമല്ലാത്ത ചികിത്സകള്‍ നടത്തിയും മരുന്നുകള്‍ നല്‍കിയുമാണ് ഇവര്‍ ദമ്പതികളുടെ വിശ്വാസം കൈയ്യിലെടുത്തിരുന്നത്.
കുട്ടികളില്ലെന്ന് പറഞ്ഞെത്തുന്ന സ്ത്രീകളില്‍ ഇവര്‍ കുത്തിവെയ്പ്പ് ചികിത്സ നടത്തും. ഇതോടെ സ്ത്രീകളുടെ വയറ് ഗര്‍ഭിണികളുടേത് പോലെ വീര്‍ത്തുവരും. മറ്റ് ഡോക്ടര്‍മാരെ കാണരുതെന്ന് തട്ടിപ്പ് സംഘം ഇവര്‍ക്ക് മുന്നറിയിപ്പും കൊടുക്കും. മറ്റ് അംഗീകൃത ടെസ്റ്റുകളൊ സ്‌കാനിംഗോ ചെയ്യരുതെന്നും തട്ടിപ്പ് സംഘം ഇവര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ബിബിസിയുടെ അന്വേഷണത്തില്‍ വ്യക്തമായി.
advertisement
അതേസമയം ക്ലിനിക്കിലെ ചികിത്സയ്ക്ക് പിന്നാലെ താന്‍ 15 മാസം വരെ ഗര്‍ഭം ധരിച്ചിട്ടുണ്ടായിരുന്നുവെന്നാണ് തട്ടിപ്പിനിരയായ ചിയോമ എന്ന സ്ത്രീ ബിബിസിയോട് പറഞ്ഞത്. പ്രസവിക്കാന്‍ സമയമാകുമ്പോഴാണ് അടുത്ത ആവശ്യവുമായി തട്ടിപ്പ് സംഘം സ്ത്രീകളെ സമീപിക്കുന്നത്. പ്രസവത്തിന് മുമ്പ് വിലകൂടിയ ഒരു കുത്തിവെപ്പ് എടുക്കണമെന്ന് വ്യാജ ഡോക്ടര്‍മാര്‍ സ്ത്രീകളോട് പറയും. കുത്തിവെപ്പ് എടുത്തയുടനെ സ്ത്രീകള്‍ മയങ്ങിപ്പോകും. പ്രസവം കഴിഞ്ഞെന്ന് വിശ്വസിച്ചാണ് പലരും മയക്കം വിട്ട് എഴുന്നേല്‍ക്കുക. കുത്തിവെപ്പിന് ശേഷം മാനസിക വിഭ്രാന്തി പോലെ തോന്നിയെന്നും ചിലര്‍ പറഞ്ഞു.
തട്ടിപ്പിനിരയായ മറ്റൊരു സ്ത്രീയും തന്റെ പ്രസവാനുഭവം തുറന്ന് പറഞ്ഞു. ഇടുപ്പിന് ഒരു മരുന്ന് കുത്തിവെച്ചുവെന്നും പാതിമയക്കത്തില്‍ ഡോക്ടര്‍ തന്നോട് പുഷ് ചെയ്യാന്‍ പറഞ്ഞെന്നും ഇവര്‍ പറയുന്നു. വളരെ വേദന നിറഞ്ഞ അനുഭവമായിരുന്നു അതെന്നും ഇവര്‍ പറഞ്ഞു.
ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളില്‍ അനംബ്രയിലെ ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അപ്പോഴാണ് ഈ കേന്ദ്രങ്ങളോട് ചേര്‍ന്ന് കുറച്ച് സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ പാര്‍പ്പിച്ചിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭം ധരിച്ച പെണ്‍കുട്ടികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.തങ്ങളുടെ നവജാത ശിശുക്കളെ തട്ടിപ്പ് സംഘത്തിന് വില്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ജനനനിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് നൈജീരിയ. ഇവിടെ കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. ഈ സമ്മര്‍ദ്ദമാണ് ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് ഇവരെ നയിക്കുന്നത്.
തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ റെയ്ഡ് ചെയ്യാന്‍ അനംബ്രയിലെ ആരോഗ്യവകുപ്പ് മുന്നോട്ടുവന്നിട്ടുണ്ട്. ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ കൃത്യമായി പരിശോധിക്കുന്ന സംവിധാനം വേണമെന്ന് കമ്മീഷണര്‍ ഇഫി ഒബിനാബോ ആവശ്യപ്പെട്ടു.