എന്നാൽ ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം തന്നെ ധാരണയായതായാണ് വിവരം. യുകെയുടെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് വെള്ളിയാഴ്ച വൈകുന്നേരം വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ ഒരു ഓൺലൈൻ യോഗം വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിൽ 25 രാജ്യങ്ങൾ യുക്രെയ്നെ സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. നാറ്റോ അംഗ രാജ്യങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. ഇതിൽ ഉൾപ്പെടാത്ത രണ്ട് രാജ്യങ്ങൾ കൂടി യുക്രെയ്നെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
മിസൈൽ, ടാങ്ക്, ബോംബുകൾ എന്നിവയാണ് യുക്രെയ്നായി ഈ രാജ്യങ്ങൾ നൽകുക. കൂടാതെ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കും. ഈ ആയുധങ്ങളെല്ലാം ഉടൻ തന്നെ ഉക്രെയ്ൻ സൈന്യത്തിന് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. ഉക്രേനിയൻ സായുധ സേനയെ സഹായിക്കാൻ ആയുധങ്ങൾ അയക്കുന്നതിനെ മുമ്പ് എതിർത്തിരുന്ന രാജ്യങ്ങൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അയൽരാജ്യത്തെ ആക്രമിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഇപ്പോൾ അങ്ങനെ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്നും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സംഭാവന നൽകുന്ന രാജ്യങ്ങളിൽ നാറ്റോ പ്രതിരോധ സഖ്യത്തിന്റെ ഭാഗമല്ലാത്ത രാജ്യങ്ങളും ഉൾപ്പെടുന്നു.
advertisement
അതിനിടെ യുക്രെയ്ൻ അധിനിവേശത്തിൽസാധാരണക്കാർക്കുനേരെ ആക്രമണം ഉണ്ടാകുന്നില്ലെന്ന റഷ്യയുടെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്ന നടുക്കുന്ന ദൃശ്യം പുറത്ത്. കാറുകൾക്ക് മുകളിലേക്ക് ടാങ്ക് ഓടിച്ചു കയറ്റുന്ന ദൃശ്യമാണ് പുറത്തുവരുന്നത്. യുക്രെയ്നിലെ ഒബലോണിൽനിന്നുള്ള ദൃശ്യമാണിത്. അൽജസീറയാണ് ഇൻസ്റ്റാഗ്രാം വഴി ഈ ദൃശ്യം പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ഇത് വലിയ ചർച്ചയായി കഴിഞ്ഞു. നിരവധിപ്പേരാണ് റഷ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ റഷ്യയുടെ ഒരു ടാങ്ക് യുക്രെയ്ൻ സൈന്യം പിടിച്ചെടുക്കുകയും അതിൽ ഉണ്ടായിരുന്ന റഷ്യൻ സൈനികരെ അപായപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. കീവ് നഗരത്തിലെ ജനവാസകേന്ദ്രത്തിലേക്ക് റഷ്യൻ സൈന്യം കടന്നിട്ടുണ്ടെന്നും, എല്ലാവരും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്നും യുക്രെയ്ൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം യുക്രെയ്ൻ അധിനിവേശത്തിൽ തലസ്ഥാന നഗരമായ കീവിന് സമീപത്തെത്തി റഷ്യൻ സേന. മെലിറ്റോപോളിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ അവകാശപ്പെടുന്നു. സൈന്യം മെലിറ്റോപോൾ നഗരം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്. കീവ് നഗരത്തിന് സമീപം റഷ്യൻ സേന എത്തിയതായാണ് വിവരം. ഇന്നും കീവ് നഗരത്തിന് ചുറ്റിലുമായി നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടു.
അതിനിടെ റഷ്യൻ സൈന്യത്തിന്റെ റോക്കറ്റ് ലോഞ്ചറുകൾ തകർത്തെന്ന അവകാശവാദവുമായി യുക്രെയ്ൻ രംഗത്തെത്തി. യുക്രെയ്നിലെ ഖാർകിവിൽ "Z" എന്ന അക്ഷരം വരച്ച റഷ്യൻ സൈന്യത്തിന്റെ ഒന്നിലധികം റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.