21 മാസമായി നടക്കുന്ന റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേരാണ് ഒരു മാസത്തെ ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആശുപത്രികൾക്കും ആംബുലൻസുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുമ്പോൾ മരണസംഖ്യ വളരെയധികം കൂടുകയാണ്. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന് യു എൻ അറിയിച്ചു.
‘ഗാസ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു’: ഐക്യരാഷ്ട്രസഭ
ഇസ്രയേൽ അടിയന്തര വെടിനർത്തലിന് തയാറാകണമെന്നാണ് അറബ് രാജ്യങ്ങളുടെ നിലപാട്. എന്നാൽ ഹമാസിന് വീണ്ടും ആക്രമണം നടത്താനുള്ള അവസരമാകും അതെന്നാണ് യുഎസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കന്റെ മറുപടി. അതേസമയം, ഗാസയിലെ ഹമാസിന്റെ തുരങ്കങ്ങളുടെ ദൃശ്യം ഇസ്രയേൽ പുറത്തുവിട്ടു. പല ഭാഗത്തു നിന്ന് കടക്കാവുന്ന സങ്കീർണായ തുരങ്കങ്ങളുടെ ശൃംഖലയാണ് കണ്ടെത്തിയത്.
advertisement
റഫ അതിർത്തി വഴി ഇപ്പോൾ വിദേശികളെ കടത്തിവിടുന്നില്ല. പരുക്കേറ്റ പലസ്തീൻ പൗരന്മാരെ മാത്രമാണ് കടത്തിവിടുന്നത്. അതേസമയം, ബന്ദികളാക്കിയ 241 പേരെയും മോചിപ്പിക്കാതെ ഹമാസിനെതിരായ ആക്രമണത്തിൽ ഒരു അയവും ഉണ്ടാകില്ലെന്ന് ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
അതിനിടെ, നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ടെൽ അവീവിലും ജെറുസലേമിലും ബന്ദികളുടെ ബന്ധുക്കൾ പ്രകടനം നടത്തി. ലോകത്ത് പലയിടത്തും പലസ്തീൻ അനുകൂല റാലികൾ നടന്നു. വാഷിങ്ടൺ ഡി സിയിൽ നടത്തിയ പ്രകടനങ്ങളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.