ബ്രിട്ടനും പോർച്ചുഗലിനും പിന്നാലെ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ദ്വി രാഷ്ട്ര പരിഹാരത്തിന്റെ സാധ്യത സംരക്ഷിക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യണമെന്നും ഇസ്രായേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കണമെന്നും ന്യൂയോർക്കിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിൽ സംസാരിക്കവെ മാക്രോൺ പറഞ്ഞു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ അംഗീകരിച്ചു എന്നതു കൊണ്ട് ഇസ്രായേൽ ജനതയുടെ അവകാശങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നിവ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് ദിവസത്തിന് ശേഷമാണ് ഫ്രാൻസിന്റെ പ്രഖ്യാപനം. ഇസ്രയേലുമായുള്ള നേരിട്ടുള്ള ചർച്ചകളുടെ ഫലമായി മാത്രമേ പലസ്തീൻ രാഷ്ട്രം ഉയർന്നുവരാവൂ എന്ന ദീർഘകാല പാശ്ചാത്യ നിലപാടിൽ നിന്നുള്ള ഒരു പ്രധാന വ്യതിയാനമാണിത്.
പലസ്തീനെ അംഗീകരിക്കാനുള്ള യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നീക്കത്തെ ശക്തമായി എതിർത്തുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് വന്നിരുന്നു. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ലെന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ഈ നാടകത്തിൽ യുഎസും ഇസ്രായേലും പങ്കെടുക്കില്ലെന്നായരുന്നു ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ, ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ പറഞ്ഞത്.