ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ മെഹര്‍പൂരില്‍ സ്ഥിതി ചെയ്യുന്ന ISKCON ക്ഷേത്രം പ്രക്ഷോഭകാരികള്‍ ആക്രമിക്കുകയും തീയിടുകയും ചെയ്തത് വാര്‍ത്തയായിരുന്നു. തിങ്കളാഴ്ചയോടെയാണ് ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. ബംഗ്ലാദേശിലെ എട്ട് ശതമാനം ഹിന്ദുക്കളാണ് താമസിക്കുന്നത്. നിലവിലെ സംവരണ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഹിന്ദുക്കളുടെ നിലനില്‍പ്പിനെ കൂടി ബാധിച്ചിരിക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ കാലത്തും ആരാധാനാലയങ്ങള്‍ക്ക് നേരെ ആക്രമണവും ഭൂമിയില്‍ നിന്നുള്ള നിര്‍ബന്ധിത കുടിയൊഴിപ്പിക്കലും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടായിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ തീവ്ര നിലപാടുകളുള്ള ജമാത്തുകളെ നിയന്ത്രിക്കാന്‍ ഹസീനയ്ക്ക് കഴിഞ്ഞിരുന്നു.
advertisement
പ്രതിഷേധം കടുക്കുകയും ഹിന്ദു അവാമി ലീഗ് നേതാവ് ഹരദന്‍ റോയിയേും അദ്ദേഹത്തിന്റെ അനന്തരവനെയും ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. പതിമൂന്നോളം ഹിന്ദുക്കളുടെ വീടുകളും 3 ക്ഷേത്രങ്ങളും പ്രക്ഷോഭകാരികള്‍ തീയിട്ട് നശിപ്പിച്ചെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ടെലിഗ്രാം ചാനല്‍ വഴിയാണ് ഈ വാര്‍ത്ത പുറം ലോകത്തെത്തിയത്. 'ബംഗ്ലാദേശി ഇസ്ലാമി ഛാത്രോ ശിബിര്‍' എന്ന ടെലിഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ഒരു ബംഗാളി ഹിന്ദു എന്ന നിലയില്‍ ഈ ദൃശ്യങ്ങള്‍ തന്നില്‍ മരവിപ്പുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാല്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലെ അദ്ദേഹത്തിന്റെ കുറിപ്പ് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തു. കൂടാതെ ബംഗ്ലാദേശിലെ കാളി ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും നൂറുകണക്കിന് ഭക്തര്‍ മറ്റിടങ്ങളിലേക്ക് അഭയം തേടിപ്പോയെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ഈ സാഹചര്യം പെട്ടെന്നുണ്ടായതല്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2022ലും സമാനമായ രീതിയില്‍ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ ആക്രമണം നടന്നിരുന്നു. 2022ല്‍ ജെനൈദയിലെ ഒരു ഹിന്ദുക്ഷേത്രത്തിലെ വിഗ്രഹം ചിലര്‍ ചേര്‍ന്ന് നശിപ്പിച്ചിരുന്നു. അതേ വര്‍ഷം ഹാജി ഷാഫിയുള്ളയുടെ നേതൃത്വത്തിലുള്ള 150 പേരടങ്ങിയ സംഘം ധാക്കയിലെ വാരി താനയിലെ 22 ലാല്‍മോഹന്‍ സാഹ തെരുവിലെ ISKCON ക്ഷേത്രം നശിപ്പിച്ചത് വാര്‍ത്തയായിരുന്നു. എന്നാല്‍ അന്ന് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഹസീന സര്‍ക്കാര്‍ രംഗത്തെത്തുകയും പോലീസ് നടപടി ശക്തമാക്കുകയും ചെയ്തു. നിലവിലെ സ്ഥിതി അതല്ല. ബംഗ്ലാദേശിലെ സംഘര്‍ഷ സാഹചര്യം ഹിന്ദുക്കളെ ഇരകളാക്കിത്തീര്‍ത്തിരിക്കുകയാണ്.
'' ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെയും മറ്റുമുള്ള വിവരങ്ങള്‍ എന്റെ ഫോണിലേക്ക് ഒഴുകിയെത്തുകയാണ്. ക്ഷേത്രങ്ങള്‍ വലിയ രീതിയില്‍ നശിപ്പിക്കപ്പെടുന്നു. ധാക്കയില്‍ അവാമി ലീഗിനെ പിന്തുണച്ച മുസ്ലീങ്ങളുടെ ജീവന്‍ വരെ അപകടത്തിലാണ്. വാഹനങ്ങള്‍ വ്യാപകമായി പരിശോധിക്കപ്പെടുന്നു. തന്നെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം എന്നെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹം ഒരു മുസ്ലീമാണ്. അപ്പോള്‍ ഇവിടുത്തെ ഹിന്ദുക്കളുടെ സ്ഥിതി ഒന്ന് ആലോചിച്ച് നോക്കൂ,'' ദീപ് ഹാല്‍ഡര്‍ പറഞ്ഞു. 'Being Hindu In Bangladesh' എന്ന കൃതിയുടെ രചയിതാവാണ് ഇദ്ദേഹം. ഈ പുസ്തകം ബംഗ്ലാദേശില്‍ വലിയ രീതിയില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നതിന്റെയും അവരുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാബിനറ്റ് യോഗം വിളിച്ചുചേര്‍ത്തു. ഹിന്ദുക്കളുടെ സ്ഥിതിയെപ്പറ്റി പശ്ചിമ ബംഗാളിലെ ബിജെപി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'' ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നു. രംഗ്പൂരിലെ കൗണ്‍സിലര്‍ കൊല്ലപ്പെട്ടു. സിറാജ്ഗഞ്ചില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടു. അതില്‍ 9 പേരും ഹിന്ദുക്കളാണ്. എല്ലാവരും തയ്യാറായിരിക്കുക. ബംഗ്ലാദേശിലെ ഒരു കോടിയിലധികം ഹിന്ദുക്കള്‍ ബംഗാളിലേക്ക് അഭയം തേടിയെത്തും,'' സുവേന്ദു അധികാരി പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയോടും ഗവര്‍ണര്‍ ആനന്ദ് ബോസിനോട് അദ്ദേഹം ആവശ്യപ്പെട്ടു.