അല്‍ ജസീറ മുബാഷര്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തകനായ ഹൊസാം ഷബാത്ത് ആണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബൈത്ത് ലാഹിയ പ്രദേശത്ത് വെച്ച് ഷബാത്തിന്റെ കാറിനെ ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷബാത്തിന്റെ കാറുള്‍പ്പെടെ പത്തിലധികം വാഹനങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതെന്ന് സിവില്‍ ഡിഫന്‍സ് എജന്‍സി വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു.
'' അല്‍ ജസീറ മുബാഷറില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഹൊസാം ഷബാത്ത്. വടക്കന്‍ ഗാസ മുനമ്പില്‍ വെച്ച് അദ്ദേഹത്തിന്റെ കാറിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു,'' എന്നാണ് അല്‍ ജസീറയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
advertisement
സംഭവം നടന്നതിന് പിന്നാലെ ഷബാത്തിന്റെ കാറിനുചുറ്റും ജനങ്ങള്‍ തടിച്ചുകൂടുന്ന ദൃശ്യങ്ങള്‍ എഎഫ്പിടിവി പുറത്തുവിട്ട വീഡിയോയില്‍ കാണാന്‍ സാധിക്കും. കാറിന്റെ വിന്‍ഡ് സ്‌ക്രീനില്‍ അല്‍ ജസീറയുടെ സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നു. കാറിന്റെ പിന്‍വശത്തെ വിന്‍ഡോയ്ക്ക് കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നു. കാറിന്റെ സമീപത്ത് തന്നെയാണ് ഷബാത്തിന്റെ മൃതദേഹവും കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഷബാത്തിനെയും മറ്റ് അഞ്ച് പലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെയും ഭീകരവാദികളായി ആരോപിച്ച് ഇസ്രായേല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഷബാത്ത് നിഷേധിച്ചിരുന്നതായി യുഎസ് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ബൈത്ത് ലാഹിയയിലെ ആശുപത്രിയില്‍ നടന്ന ഷബാത്തിന്റെ സംസ്‌കാരചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഗാസ തെരുവുകളിലൂടെ ഷബാത്തിന്റെ മൃതദേഹവുമായി ബന്ധുക്കളും സഹപ്രവര്‍ത്തകരും കടന്നുപോകുകയും ചെയ്തു.
അതേസമയം ഇസ്ലാമിക് ജിഹാദുമായി ബന്ധപ്പെട്ട പാലസ്തീന്‍ ടുഡെ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് മന്‍സൂറും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വെച്ചായിരുന്നു മന്‍സൂറിന് നേരെയുള്ള ആക്രമണം. ഇസ്രായേല്‍ സേന മന്‍സൂറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് കൊലപ്പെടുത്തിയത്.
അതേസമയം 2023 ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രായേല്‍-ഹമാസ് ആക്രമണങ്ങളില്‍ കുറഞ്ഞത് 206 മാധ്യമപ്രവര്‍ത്തകരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാലസ്തീനിലെ മാധ്യമപ്രവര്‍ത്തക സിന്‍ഡിക്കേറ്റ് സൂചിപ്പിക്കുന്നു. മാര്‍ച്ച് 18ന് ഇസ്രായേല്‍ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ 730 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച ഗാസയില്‍ നിന്ന് എത്തിയ രണ്ട് പ്രൊജക്‌റ്റൈലുകള്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വെള്ളിയാഴ്ചയും സമാന സംഭവമുണ്ടായെന്ന് ഇസ്രായേല്‍ അറിയിച്ചു. അതേസമയം തെക്കന്‍ ഗാസ നഗരമായ റാഫയിലെ മുനിസിപ്പാലിറ്റി അധികൃതര്‍ ആക്രമണം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇസ്രായേലിന്റെ ഷെല്ലാക്രമണത്തില്‍ നഗരത്തിലെ താല്‍ അല്‍-സുല്‍ത്താന്‍ പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങള്‍ വിഛേദിക്കപ്പെട്ട നിലയിലാണെന്നും ആരോഗ്യ സംവിധാനങ്ങളും തകര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയില്‍ നിന്നും കുടിയിറക്കപ്പെട്ട 50,000ലധികം ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങളോ വൈദ്യസഹായമോ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച താല്‍ അല്‍-സുല്‍ത്താന്‍ പ്രദേശത്ത് നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡിഫന്‍സ് ഏജന്‍സി പുറത്തിറക്കിയ പ്രത്യേക പ്രസ്താവനയില്‍ പറയുന്നു. റാഫയിലെ തങ്ങളുടെ ഓഫീസുകളിലേക്കും ആക്രമണമുണ്ടായതായി ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.വടക്കന്‍ ഗാസയിലെ നഗരമായ ബൈത്ത് ഹാനൂനില്‍ സൈന്യം സജീവമായി പ്രവര്‍ത്തിച്ചുവരികയാണെന്നും യുദ്ധ വിമാനങ്ങളുടെ പിന്തുണയോടെ ആക്രമണം ശക്തമാക്കുകയാണെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.