ഷിക്ദറിന്റെ തലയുടെ ഇടതുവശത്താണ് വെടിയേറ്റതെന്നും അവിടെനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞതായി ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
എൻസിപിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ തൊഴിലാളി മുന്നണിയുടെ കേന്ദ്ര കോർഡിനേറ്ററുമായ മൊതലെബ് ഷിക്ദറിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് വെടിയേറ്റതായി എൻസിപി ജോയിന്റ് പ്രിൻസിപ്പൽ കോർഡിനേറ്റർ മഹ്‌മൂദ മിതി തിങ്കളാഴ്ച ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
ബംഗ്ലാദേശ് പ്രതിഷേധം
2024 ജൂലൈയിൽ ബംഗ്ലാദേശിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാവായ ഷെരീഫ് ഉസ്മാൻ ഹാദി കഴിഞ്ഞയാഴ്ച വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്തുടനീളം വൻ പ്രതിഷേധം അലയടിച്ചു. ഒരു പ്രചാരണത്തിനിടെ ഡിസംബർ 12നാണ് ഹാദിക്ക് തലയിൽ വെടിയേറ്റത്. അടുത്ത വർഷം ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ ഒരാളായിരുന്നു അദ്ദേഹം.
advertisement
സിംഗപ്പൂരിൽ ചികിത്സയിലിരിക്കെയാണ് ഹാദിയുടെ മരണം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹാദിയുടെ മരണത്തിൽ അനുശോചിച്ച് ശനിയാഴ്ച രാജ്യവ്യാപകമായി ദുഃഖാചരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കൊലയാളികളെ എത്രയും വേഗം കണ്ടെത്തുമെന്നും അറിയിച്ചു.
എന്നാൽ അക്രമാസക്തരായ പ്രതിഷേധക്കാർ രണ്ട് വലിയ പത്രങ്ങളുടെയും അവാമി ലീഗിന്റെയും ഓഫീസുകൾ അഗ്നിക്കിരയാക്കി.
ആരാണ് മൊതലിബ് ഷിക്ദർ?
എൻ.സി.പിയുടെ ഖുൽന ഡിവിഷണൽ തലവനും എൻ.സി.പി. ശ്രമിക് ശക്തിയുടെ കേന്ദ്ര സംഘാടകനുമാണ് ഷിക്ദർ. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ഖുൽനയിൽ ഒരു തൊഴിൽ റാലി നടത്താൻ അദ്ദേഹത്തിന്റെ പാർട്ടി തീരുമാനിച്ചിരുന്നു. റാലി നടത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഷിക്ദർ തിരക്കിലായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഖുൽനയിലെ ഗാസി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം രാവിലെ 11.45ന് ഷിക്ദറിന്റെ തലയ്ക്ക് നേരെ ചില അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നുവെന്ന് സോണദംഗ മോഡൽ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞതായി ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം സ്റ്റുഡന്റ്‌സ് എഗെയിൻസ്റ്റ് ഡിസിക്രിമിനേഷനും ജതിയ നാഗോറിക് കമ്മിറ്റിയും ചേർന്നാണ് നാഷണൽ സിറ്റിസൺ പാർട്ടി രൂപീകരിച്ചത്. ഈ വർഷം ഫെബ്രുവരി 28നാണ് ഇത് സ്ഥാപിതമായത്. ബംഗ്ലാദേശിലെ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണിത്. അതേസമയം, ഷിക്ദറിനെ ആക്രമിച്ചവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
