ഇപ്പോൾ ഫാത്തിമ എന്നറിയപ്പെടുന്ന അഞ്ജുവിനെ സഹായിക്കാൻ പാക് സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ മൊഹ്‌സിൻ ഖാൻ അബ്ബാസിയാണ് അവർക്ക് ഭവന ഭൂമിയും 50,000 പികെആർ വിലയുള്ള ചെക്കും സമ്മാനിച്ചത്. അവളെ ഊഷ്മളമായി സ്വാഗതം ചെയ്യാനും നാട്ടിൽ പുതിയ ജീവിതത്തിലേക്കുള്ള മാറ്റത്തെ പിന്തുണയ്ക്കാനുമാണ് ഈ സമ്മാനമെന്ന് മൊഹ്‌സിൻ ഖാൻ അബ്ബാസി പറഞ്ഞു. മൊഹ്‌സിൻ ഖാൻ അബ്ബാസി അഞ്ജുവിനോടും നസ്‌റുല്ലയോടും സംസാരിക്കുന്ന വീഡിയോ ഇപ്പേൾ വൈറലായിരിക്കുകയാണ്.
ജയ്പൂരിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് 34 കാരിയായ യുവതി വീടുവിട്ടിറങ്ങിയത്. അഞ്ജു എന്നാണ് യുവതിയുടെ പേര്. ഉത്തർപ്രദേശിൽ ജനിച്ച അഞ്ജു, രാജസ്ഥാനിലെ അൽവാറിലാണ് ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. അഞ്ജുവിന്റെ കാമുകൻ നസ്‌റുല്ല മെഡിക്കൽ ഫീൽഡിലാണ് ജോലി ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. ജയ്പൂരിലേക്ക് പോകുകയാണ് എന്നു പറഞ്ഞാണ് വ്യാഴാഴ്ച അഞ്ജു വീട്ടിൽ നിന്ന് ഇറങ്ങിയെന്നും എന്നാൽ പിന്നീടാണ് പാകിസ്ഥാനിലെത്തിയ വിവരം വീട്ടുകാർക്ക് മനസിലായെന്നും ഭർത്താവ് പറഞ്ഞു.
അഞ്ജു ഓൺലൈനിൽ ആരെങ്കിലുമായി സംസാരിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. “വ്യാഴാഴ്‌ചയാണ് അഞ്ജു വീട്ടിൽ നിന്നിറങ്ങിയത് എന്നാണ് ഭർത്താവ് പറഞ്ഞത്. യുവതിയുടെ പക്കൽ സാധുവായ പാസ്‌പോർട്ടും ഉണ്ടായിരുന്നു”, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ഭിവാദി സുജിത് ശങ്കർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അഞ്ജുവിന് 15 വയസുള്ള മകളും ആറ് വയസുള്ള ഒരു മകനും ഉണ്ട്. അഞ്ജുവിനെതിരെ പിതാവ് ഗയാ പ്രസാദ് തോമസ് രംഗത്ത് വന്നിരുന്നു. ‘രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ പോയി. മക്കളെ കുറിച്ചു പോലും അവൾ ചിന്തിച്ചില്ല. അവൾക്ക് ഇത് ചെയ്യണമെങ്കിൽ, അവൾ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവൾ ജീവനോടെ ഇല്ല’- പിതാവ് പറഞ്ഞു.