50-കാരനായ നവീദ് അക്രം അദ്ദേഹത്തിന്റെ 24 വയസ്സുള്ള മകന്‍ സാജിദ് അക്രം എന്നിവരാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. അക്രമികളില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനാണെന്ന് തിരിച്ചറിഞ്ഞതായും യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അക്രമികളില്‍ ഒരാളായ നവീദ് ആക്രമിനെ സംഭവ സ്ഥലത്തുതന്നെ ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നതായാണ് വിവരം. രണ്ടാമത്തെ പ്രതി സാജിദ് അക്രം ഗുരുതരാവസ്ഥയില്‍ ശുപത്രിയിലാണ്. ഒറ്റരാത്രികൊണ്ട് അന്വേഷണത്തില്‍ വേഗത്തിലുള്ള പുരോഗതി കൈവരിച്ചതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു.
advertisement
ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ബോണ്ടി ബീച്ചില്‍ നടന്ന 'ചാനുക്ക ബൈ ദി സീ' എന്നറിയപ്പെടുന്ന യഹൂദരുടെ ഒരു ആഘോഷ പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. 'ഹനുക്ക' ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്ന ഒരു യഹൂദരുടെ ആഘോഷമാണിത്. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറഞ്ഞത് 40 പേര്‍ക്കെങ്കിലും പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അക്രമികളുടെ ലക്ഷ്യവും ആക്രമണത്തിനുപയോഗിച്ച ആയുധങ്ങളുടെ സ്വഭാവവും അടിസ്ഥാനമാക്കി ഇതൊരു ഭീകാരക്രമണമായി പോലീസ് പ്രഖ്യാപിച്ചു. സിഡ്‌നിയിലെ ജൂത സമൂഹത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു.
ആക്രമണത്തെ തുടര്‍ന്ന് പ്രതികളുടെ സിഡ്‌നിയിലെ ബോണിറിഗ്ഗിലും കംപ്‌സിയിലുമുള്ള പ്രോപ്പര്‍ട്ടികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ 50-കാരനായ നവീന്‍ അക്രമിന്റെ കൈവശം ലൈസന്‍സുള്ള തോക്കുകള്‍ കണ്ടെത്തിയതായും നിയമപരമായി ഒന്നിലധികം ആയുധങ്ങള്‍ ഇയാള്‍ കൈവശം വച്ചിരുന്നതായും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തെ തുടര്‍ന്നുള്ള പോലീസ് ഓപ്പറേഷനുകളില്‍ ആറ് തോക്കുകള്‍ കണ്ടെത്തിയതായും ലാന്‍യോണ്‍ സ്ഥിരീകരിച്ചു. ഇവ കൂടുതല്‍ ഫോറന്‍സിക്, ബാലിസ്റ്റിക് പരിശോധനകള്‍ക്ക് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആക്രമണം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും സംശയാസ്പദമായ നിരവധി വസ്തുക്കളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനങ്ങളിലൊന്നില്‍ നിന്ന് സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ആക്രമണത്തിന്റെ പൂര്‍ണ്ണം ഉദ്ദേശ്യം മനസ്സിലാക്കാന്‍ കോമണ്‍വെല്‍ത്ത് ഏജന്‍സികളുമായി ചേര്‍ന്നുള്ള അന്വേഷണം തുടരുമെന്ന് ലാന്‍യോണ്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബോണ്ടില്‍ ബീച്ചില്‍ നടന്ന ആക്രമണം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രതികരിച്ചു. ഓസ്‌ട്രേലിയയിലെ ജൂത സമൂഹത്തോട് പ്രീമിയര്‍ ക്രിസ് മിന്‍സ് ഐക്യാദാര്‍ഢ്യം പ്രകടിപ്പിച്ചു. ഉറ്റവരെ നഷ്ടപ്പെട്ടവരോടൊപ്പം അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
