ഇതിന്റെ ഭാഗമായി 2010-മായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ എയ്ഡ്‌സ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് 90 ശതമാനത്തോളം കുറയ്ക്കാനും സംഘടന ലക്ഷ്യമിടുന്നു. ഇന്നര്‍ സിഡ്‌നിയില്‍ സ്വര്‍ഗാനുരാഗികളായ പുരുഷന്മാരുടെ ഇടയില്‍ പുതുതായി എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 2020-നും 2022-നും ഇടയില്‍ 88 ശതമാനത്തോളം കുറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്‌ബെയ്‌നില്‍ വെച്ച് നടന്ന അന്താരാഷ്ട്ര എയ്ഡ്‌സ് സൊസൈറ്റിയുടെ എച്ച്‌ഐവി സയന്‍സ് സമ്മേളനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം അറിയിച്ചത്
ഇന്നര്‍ സിഡ്‌നി ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യത്തോട് അടുക്കുകയാണെന്ന് ഗവേഷണം അവതരിപ്പിച്ച യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ രോഗപര്യവേഷകനായ ആന്‍ഡ്രൂ ഗ്രൂലിച്ച് പറഞ്ഞു. ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം ഇനിയും എട്ട് വര്‍ഷത്തോളമുള്ളപ്പോഴാണിത്. കഴിഞ്ഞ വര്‍ഷം 11 എച്ച്‌ഐവി കേസുകള്‍ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വളരെ ചെറിയ എണ്ണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
Also read- റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളുടെ 50 ശതമാനവും യുക്രെയ്ൻ തിരിച്ചുപിടിച്ചു: യുഎസ്
ഇന്നര്‍ സിഡ്‌നിയിലെ ആകെയുള്ള പുരുഷ ജനസംഖ്യയില്‍ 20 ശതമാനവും സ്വവര്‍ഗാനുരാഗികളാണ്. ഇവരില്‍ ഭൂരിഭാഗത്തിനുമാണ് എച്ച്‌ഐവി ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുകെയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും ഒട്ടേറെ സ്ഥലങ്ങളില്‍ പുതിയ എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വളരെയധികം ഇടിവ് ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവിടെയൊരിടത്തും 90 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. സിഡ്‌നി ഇതിനോടകം തന്നെ ലക്ഷ്യത്തോട് അടുത്തു കഴിഞ്ഞതിനാല്‍ ഇത് കൈവരിക്കാനാകുന്ന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 5.2 മില്ല്യണ്‍ ജനസംഖ്യയുള്ള നഗരത്തില്‍ എച്ച്‌ഐവി പൂര്‍ണമായും തുടച്ചുനീക്കാന്‍ കഴിയുമെന്നതല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനും ചികിത്സയും ഉണ്ടെങ്കില്‍ മാത്രമേ എച്ച്‌ഐവി ഇല്ലാതാക്കാന്‍ കഴിയൂ. സിഡ്‌നിയുടെ സമീപപ്രദേശങ്ങളിലും പുതിയ എച്ച്‌ഐവി കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നത് വളരെ കുറവാണ്. നഗരത്തിന് പുറത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ 2010 മുതല്‍ 31 ശതമാനം മാത്രമാണ് കുറവ് വന്നിരിക്കുന്നത്. ഇത്രയധികം വ്യത്യാസം വരാന്‍ കാരണം ഇന്നര്‍ സിഡ്‌നിയില്‍ എച്ച്‌ഐവി പരിശോധനയുടെ എണ്ണം കൂടുതലാണെന്നതും ലൈംഗികബന്ധത്തിനിടെ എച്ച്ഐവി തടയാന്‍ സഹായിക്കുന്ന പ്രീ-എക്‌സ്‌പോഷര്‍ പ്രൊഫൈലാക്‌സിസിന്റെ ഉപയോഗമാണെന്നും ഗ്രൂലിച്ച് പറഞ്ഞു.
ഇത് കൂടാതെ, ഓസ്‌ട്രേലിയയിലെ ഏകദേശം 95 ശതമാനം എച്ച്‌ഐവി പോസിറ്റീവായ ആളുകളും ആന്റിറിട്രോവൈറല്‍ ചികിത്സയ്ക്ക് വിധേയമാകുന്നതായും അദ്ദേഹം പറഞ്ഞു. ഇത് രക്തത്തിലെ വൈറസുകളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നര്‍ സിഡ്‌നിയിലെ ഈ നേട്ടം വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്നും കാരണം 1980-കളിലും 90-കളിലും ഈ നഗരം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പതിനായിരത്തോളം ആളുകളാണ് രോഗം ബാധിച്ച് ഇവിടെ മരിച്ചത്.