ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പറയുന്നത് എന്ത്?
യുവാക്കളെ സംരക്ഷിക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്നും ഇത്തരത്തില്‍ ലോകത്ത് സ്വീകരിക്കുന്ന ആദ്യത്തെ നടപടിയാണ് ഇതെന്നും അല്‍ബനീസ് വിശേഷിപ്പിച്ചു. സോഷ്യല്‍ മീഡിയയുടെ കുട്ടികളുടെ മേലുള്ള മോശം സ്വാധീനത്തിന്റെ കാര്യത്തില്‍ 'ഇത് മതി' എന്ന് വ്യക്തമാക്കുകയാണ് നടപടിയിലൂടെയെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ നിയമം പ്രകാരം 16 വയസ്സന് താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ബാധ്യസ്ഥരാണ്. ഇല്ലെങ്കില്‍ കനത്ത പിഴ അവരില്‍ നിന്ന് ഈടാക്കും. നിയമം പ്രാബല്യത്തില്‍ വന്നതോടെ ഓസ്‌ട്രേലിയയില്‍ ഉടനീളമുള്ള 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് തങ്ങളുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് മുതലായ നിരവധി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് നഷ്ടമായി.
advertisement
ഓസ്‌ട്രേലിയയില്‍ 13നും 15നും ഇടയില്‍ പ്രായമുള്ള ഏകദേശം 3.5 ലക്ഷം ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് ഇന്‍സ്റ്റഗ്രാം പറഞ്ഞു. എല്ലാ ഓസ്‌ട്രേലിയക്കാരും തങ്ങളുടെ പ്രായം സ്ഥിരീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 16 വയസ്സിന് താഴെയുള്ളവരാണെന്ന് സംശയിക്കുന്നവരോട് അത് തെളിയിക്കാന്‍ ആവശ്യപ്പെട്ടേക്കാം.
ഏതൊക്കെ പ്ലാറ്റ്‌ഫോമുകളെ ഇത് ബാധിക്കും
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, ടിക് ടോക്ക് എന്നിവയ്ക്കും കിക്ക്, ട്വിച്ച് പോലെയുള്ള സ്ട്രീമിംഗ് സേവനങ്ങള്‍ക്കും നിരോധനം ബാധകമാണ്. വിദ്യാഭ്യാസപരമായ ഉപയോഗങ്ങള്‍ ചൂണ്ടിക്കാട്ടി ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും യൂട്യൂബിനെയും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. നിലവില്‍ റോബ് ലോക്‌സ്, പിന്‍ട്രസ്റ്റ്, വാട്ട്‌സ്ആപ്പ് എന്നിവയെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ പട്ടിക സംബന്ധിച്ച് അവലോകനം നടന്നുകൊണ്ടിരിക്കുകയാണെന്നും അതില്‍ മാറ്റം വന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മിക്ക കമ്പനികളും നിയമം പാലിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും പുതിയ നിയമത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഈ നടപടി യുവാക്കളെ നിയന്ത്രണങ്ങള്‍ കുറഞ്ഞ വെബ്‌സൈറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും അത് അവരെ കൂടുതല്‍ അപകടത്തിലാക്കുമെന്നും ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമസ്ഥരായ മെറ്റ മുന്നറിയിപ്പു നല്‍കി. പുതിയ നിയമം വിപരീത ഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് സര്‍ക്കാരിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ആ ഭയം ഇതിനോടകം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അവകാശപ്പെട്ടു. നിയമങ്ങള്‍ പാലിക്കുമെന്ന് കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സും സ്ഥിരീകരിച്ചു.
