ഇത്തരം ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രചരിക്കുന്നതില്‍ ദുഃഖിക്കുന്നു. നീചമായ പരാമര്‍ശമാണ് അവരുടേത്. ഇതില്‍ ലജ്ജിക്കുന്നു," അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് രാജ്യത്തെ ആരോഗ്യമേഖലയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീഡിയോയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടിക് ടോക് ഉപയോക്താവായ മാക്‌സ് വെയ്‌ഫെര്‍ എന്നയാളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇസ്രായേല്‍ വംശജനാണ് താനെന്നും ഇയാള്‍ പറയുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തിയ ഒരാളോട് ഇദ്ദേഹം സംസാരിക്കുന്ന വീഡിയോയാണിത്. അദ്ദേഹത്തിനടുത്ത് നഴ്‌സ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയും ഇരിക്കുന്നുണ്ടായിരുന്നു. കൂടുതല്‍ സംഭാഷണത്തിനിടെയാണ് ഇരുവരും ജൂതവിരുദ്ധ പരാമര്‍ശം നടത്തിയത്.
"നിങ്ങള്‍ ഒരു ഇസ്രായേല്‍ വംശജനായതില്‍ ഖേദിക്കുന്നു. നിങ്ങളും ഉടനെ തന്നെ കൊല്ലപ്പെടുകയും നരകത്തിലേക്ക് പോകുകയും ചെയ്യും," ഡോക്ടര്‍ പറഞ്ഞു. എന്തിനാണ് തന്നെ കൊല്ലുന്നതെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറുടെ കൂടെയുണ്ടായിരുന്ന നഴ്‌സ് മറുപടി നല്‍കി. പാലസ്തിന്‍ തങ്ങളുടെ രാജ്യമാണെന്നും നിങ്ങളുടേതല്ലെന്നും നഴ്‌സ് പറഞ്ഞു. കൂടാതെ ചില അശ്ലീലവാക്കുകളും തന്നോട് പറഞ്ഞുവെന്ന് യുവാവ് പറഞ്ഞു.
ജൂതരായ രോഗികളെ താന്‍ പരിശോധിക്കില്ലെന്നും അവരെ കൊല്ലുമെന്നും ഈ സ്ത്രീ പറഞ്ഞു. അതേസമയം, താന്‍ ഇതിനോടകം നിരവധി ഇസ്രായേല്‍ വംശജരെ കൊന്നിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്ന ഡോക്ടര്‍ പറയുന്നതും വീഡിയോയിലുണ്ട്.
അതേസമയം, വിദ്വേഷപരാമര്‍ശം നടത്തിയ ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചുവെന്ന് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന ആരോഗ്യമന്ത്രി റയാല്‍ പാര്‍ക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസും അറിയിച്ചു.
2023 ഒക്ടോബറില്‍ ഇസ്രായേല്‍-ഗാസ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയയിലും ജൂതര്‍ക്ക് നേരെ ആക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. ഇക്കാലയളവില്‍ സിനഗോഗുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നേരെ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓസ്‌ട്രേലിയയിലെ ജൂതവംശജരില്‍ 85ശതമാനവും താമസിക്കുന്ന നഗരങ്ങളാണ് സിഡ്‌നിയും മെല്‍ബണും. അതുകൊണ്ട് തന്നെ ഇത്തരം വിദ്വേഷപ്രചരണങ്ങള്‍ അധികൃതരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.