TRENDING:

ISKCON| ഇസ്‌കോണ്‍ മതമൗലികവാദ സംഘടനയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍; നിരോധനത്തിന് പിന്തുണയെന്ന് കോടതിയില്‍

Last Updated:

ഹിന്ദുനേതാവും ഇസ്‌കോണ്‍ സന്യാസിയുമായ ചിന്മോയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്‌കോണ്‍ (Iskcon-International Society for Krishna Consciousness) ഒരു മതമൗലികവാദ സംഘടനയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. ഇസ്‌കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഹൈക്കോടതിയിലെത്തിയ റിട്ട് ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം.
News18
News18
advertisement

ഹിന്ദുനേതാവും ഇസ്‌കോണ്‍ സന്യാസിയുമായ ചിന്മോയ് കൃഷ്ണദാസ് ബ്രഹ്‌മചാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ബുധനാഴ്ചയാണ് ഇസ്‌കോണ്‍ എന്ന സംഘടന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി സമീപിച്ചത്.

ചിന്മോയ് ദാസിന് ജാമ്യം അനുവദിക്കാത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സൈഫുല്‍ ഇസ്ലാം കൊല്ലപ്പെട്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇസ്‌കോണിനെപ്പറ്റി കോടതി അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.

ഇസ്‌കോണ്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയല്ലെന്നാണ് അറ്റോര്‍ണി ജനറലായ മുഹമ്മദ് അസദുസമാന്‍ കോടതിയെ അറിയിച്ചത്. ഇസ്‌കോണ്‍ ഒരു മതമൗലികവാദ സംഘടനയാണെന്നും സര്‍ക്കാര്‍ അവരുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയാണെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

advertisement

ഇസ്‌കോണ്‍ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടും രാജ്യത്തെ ക്രമസമാധാനനിലയുമായി ബന്ധപ്പെട്ട വിവരങ്ങളുമടങ്ങിയ റിപ്പോര്‍ട്ട് വ്യാഴാഴ്ച രാവിലെ കോടതിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനം പേരും മുസ്ലീങ്ങളാണെന്നും അതിനാല്‍ ബംഗ്ലാദേശിലെ ഭരണഘടനയില്‍ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കണമെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടത്.

അതേസമയം ഈ വിഷയത്തില്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധ രാമന്‍ ദാസ് പറഞ്ഞു. 2025 ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലെത്തുന്നതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ചിന്മോയ് ദാസിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ധാക്കയില്‍ നിന്ന് ചിറ്റഗോംഗിലേക്ക് യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനിടെയാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതത്. അദ്ദേഹത്തിന് ജാമ്യം അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് രാജ്യത്ത് സംഘര്‍ഷം രൂക്ഷമായത്.

ഇതോടെ ചിന്മോയ് ദാസിന്റെ അനുയായികള്‍ ദേശവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ചിന്മോയ് ദാസിന്റെ അറസ്റ്റിനെ അപലപിച്ച് നിരവധി പേരും രംഗത്തെത്തി. ചിറ്റഗോംഗിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചിന്മോയ് ദാസിനെ കയറ്റിയ പൊലീസ് വാന്‍ പ്രതിഷേധക്കാര്‍ വളഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ചിലര്‍ കല്ലെറിയുകയും ചെയ്തു. ഇതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ് നടത്തിയ പോലീസ് പിന്നീട് ഗ്രനേഡുപയോഗിക്കുകയും ചെയ്തു.

advertisement

ചിന്മോയ് ദാസിന്റെ അറസ്റ്റിനെ അപലപിച്ച് ഇന്ത്യ രംഗത്തെത്തി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷയുറപ്പാക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കൂടാതെ ന്യൂനപക്ഷങ്ങളുടെ ക്ഷേത്രങ്ങള്‍ക്ക് നേരെയും അക്രമം രൂക്ഷമാകുന്നുവെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
ISKCON| ഇസ്‌കോണ്‍ മതമൗലികവാദ സംഘടനയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍; നിരോധനത്തിന് പിന്തുണയെന്ന് കോടതിയില്‍
Open in App
Home
Video
Impact Shorts
Web Stories