ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിന് നെതന്യാഹു അല്‍ താനിയുമായി സംസാരിക്കുകയും ക്ഷമാപണം നടത്തുകയം ചെയ്തു. വ്യോമാക്രമണത്തില്‍ ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ അദ്ദേഹം ഖേദപ്രകടനം നടത്തിയതായും ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത്തരം ആക്രമണം ആവര്‍ത്തിക്കില്ലെന്നു നെതന്യാഹു ഉറപ്പുനല്‍കിയപ്പോള്‍ ഖത്തര്‍ പ്രധാനമന്ത്രി അത് സ്വാഗതം ചെയ്തുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഖത്തറില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം ഗാസയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
advertisement
ദോഹ ആക്രണത്തില്‍ നിരവധി രാജ്യങ്ങള്‍ ഇസ്രയേലിനെ വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും ഇസ്രായേലിനെതിരേ രംഗത്തെത്തിയിരുന്നു.
ആക്രണത്തില്‍ നിന്ന് തങ്ങളുടെ ഉന്നത നേതാക്കള്‍ രക്ഷപ്പെട്ടുവെന്ന് ഹമാസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഹമാസിലെ അഞ്ച് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖത്തര്‍ സുരക്ഷാ സേനയിലെ ലാന്‍സ് കോര്‍പ്പറന്‍ ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസാരി എന്ന അംഗമാണ് കൊല്ലപ്പെട്ടത്. ആക്രണത്തിനിടെ പ്രാദേശികതലത്തില്‍ പ്രതികരണം ആവശ്യമാണെന്ന് പറഞ്ഞ ഖത്തര്‍ പ്രധാനമന്ത്രി ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ ഇത് വലിയ തിരിച്ചടിയാകുമെന്നും വ്യക്തമാക്കിയിരുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകളില്‍ ഖത്തറായിരുന്നു മധ്യസ്ഥം വഹിച്ചിരുന്നത്.
നെതന്യാഹുവിന്റെ ക്ഷമാപണം അര്‍ത്ഥമാക്കുന്നത് എന്ത്?
ഗാസ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കുന്ന ഖത്തറിന്റെ നിര്‍ണായക പങ്കിനെ ഇസ്രയേല്‍ അംഗീകരിച്ചതിന്റെും ശത്രുതയ്ക്കിടെയും ദോഹയെ അകറ്റാന്‍ ഇസ്രയേലിന് കഴിയില്ല എന്നതിന്റെയും സൂചനയായിരുന്നു നെതന്യാഹുവിന്റെ ക്ഷമാപണം. ഹമാസുമായും യുഎസുമായും ഖത്തറിന് തന്ത്രപരമായ ബന്ധമുണ്ട്.
നയതന്ത്രപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും ഇറാനോ തുര്‍ക്കിയോ മറ്റ് ശത്രുരാജ്യങ്ങളോ ഇസ്രായേലിനെതിരേ ഖത്തറിന്റെ കോപം മുതലെടുക്കാനുള്ള അവസരം ഒഴിവാക്കാനുമാണ് നെതന്യാഹു ലക്ഷ്യമിടുന്നതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഖത്തറിന് ധൈര്യം പകരാനും ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നിടാനുമുള്ള യുഎസിന്റെയും ഇസ്രായേലിന്റെയും ഏകോപിതമായ ശ്രമത്തെയും ഈ നടപടി സൂചിപ്പിക്കുന്നു.
ദോഹ ആക്രണത്തിന് ശേഷം ആഗോളതലത്തില്‍ ഇസ്രായേലിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദോഹ തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുണ്ടെന്നും കൂടുതല്‍ ആക്രമണം നടത്തുമെന്നും സൂചന നല്‍കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ഡൊണാള്‍ഡ് ട്രപും യുഎസിലെ ഉന്നത ഉദ്യോഗസ്ഥരും ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിനെ തങ്ങളുടെ വലിയ സഖ്യകക്ഷിയായി പ്രഖ്യാപിക്കുകയും ഇസ്രയേല്‍ വീണ്ടും ഖത്തറിന്റെ മണ്ണില്‍ ആക്രമണം നടത്തില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം
സെപ്റ്റംബര്‍ 11നാണ് ഇസ്രയേല്‍ ഖത്തറിനെതിരേ വ്യോമാക്രമണം നടത്തിയത്. ഡൊണാള്‍ഡ് ട്രംപ് തന്നെ മുന്നോട്ട് വെച്ച സമാധാന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ ഒത്തുകൂടിയ ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഖത്തര്‍ അമേരിക്കയുടെ സഖ്യകക്ഷിയായതിനാലും മിഡില്‍ഈസ്റ്റിലെ അവരുടെ ഏറ്റവും വലിയ സൈനിക താവളം ഇവിടെയായതിനാലും ആക്രമണം യുഎസിനെ ചൊടുപ്പിച്ചു. ട്രംപിനോടുള്ള വിശ്വാസ്യതയിലും സംശയം ജനിപ്പിക്കാന്‍ ഇത് ഇടയാക്കി.
ആക്രമണത്തില്‍ യുഎസ് വിയോജിപ്പ് പ്രകടിപ്പിക്കുകയും ട്രംപ് നെതന്യാഹുവമായി ചൂടേറിയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ആക്രണം തങ്ങളെ മുന്‍കൂട്ടി അറിയിക്കാത്തതില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചുവെന്നും ഖത്തറിനെ ആക്രമിച്ച തീരുമാനം ''ബുദ്ധിപൂര്‍വ''മല്ലെന്നും യുഎസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.