TRENDING:

യുഎന്‍ ആസ്ഥാനത്ത് ഇന്ത്യയ്ക്ക് എതിരെ ബിലാവല്‍ ഭൂട്ടോ; ചുട്ട മറുപടിയുമായി വിദേശ മാധ്യമപ്രവര്‍ത്തകന്‍

Last Updated:

പത്രപ്രവര്‍ത്തകന്റെ മറുപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന ഭൂട്ടോ അക്കാര്യം സമ്മതിച്ചപോലെ തലയാട്ടുക മാത്രമാണുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തി പൊതുമധ്യത്തിൽ നാണംകെട്ട് പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി (Bilawal Bhutto-Zardari). ഇന്ത്യയില്‍ മുസ്ലീങ്ങൾ അധിക്ഷേപം നേരിടുന്നതായി ബിലാവല്‍ ഭൂട്ടോ അവകാശപ്പെട്ടു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ടസഭയുടെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഇന്ത്യക്കെതിരെയുള്ള ഭൂട്ടോയുടെ വ്യാജ പരാമര്‍ശം.
ബിലാവൽ ഭൂട്ടോ
ബിലാവൽ ഭൂട്ടോ
advertisement

എന്നാല്‍, അദ്ദേഹത്തിന്റെ ഇന്ത്യാ വിരുദ്ധ പ്രചാരണത്തെ ഒരു വിദേശ മാധ്യമപ്രവര്‍ത്തകന്‍ ചുട്ട മറുപടി നൽകികൊണ്ട് ശക്തമായി എതിരിട്ടു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ഐക്യം കണ്ടതാണെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു അത്. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള ഇന്ത്യയുടെ പത്രസമ്മേളനത്തില്‍ താന്‍ പങ്കെടുത്തതാണെന്നും സൈനിക നടപടിയെ കുറിച്ച് ലോകത്തോട് വിശദീകരിച്ചത് മുസ്ലീം വിശ്വാസിയായ ഉദ്യോഗസ്ഥയാണെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകന്‍ ഭൂട്ടോയുടെ വാദത്തെ പൊളിച്ചടുക്കി. ഇതോടെ ഭൂട്ടോ ഇളിഭ്യനായി.

പത്രപ്രവര്‍ത്തകന്റെ മറുപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന ഭൂട്ടോ അക്കാര്യം സമ്മതിച്ചപോലെ തലയാട്ടുക മാത്രമാണുണ്ടായത്. പാക്കിസ്ഥാനെതിരെയുള്ള സൈനിക നീക്കമായ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ലോകത്തെ അറിയിച്ചത് ഇന്ത്യയുടെ കരുത്തരായ രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരാണ്. ഇന്ത്യന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥയായ കേണല്‍ സോഫിയ ഖുറേഷിയും വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും. പ്രഗത്ഭയായ ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയാണ് സിങ്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കൊപ്പമാണ് ഇവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിന് സാക്ഷിയായ മാധ്യമപ്രവര്‍ത്തകനാണ് യുഎന്‍ ആസ്ഥാനത്ത് ഭൂട്ടോയുടെ വാദങ്ങളെ തള്ളി യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടിയത്.

advertisement

ഭീകരതയെ ചെറുക്കുന്നതിന് ഇന്ത്യയുമായുള്ള ചര്‍ച്ചയും സഹകരണവും ആവശ്യമാണെന്ന് ഭൂട്ടോ പറഞ്ഞു. ഭീകരതയ്ക്ക് തടയിടാന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഭൂട്ടോ പറഞ്ഞു. 1.5 അല്ലെങ്കില്‍ 1.7 കോടി ജനങ്ങളുടെ ഭാവി രാഷ്ട്രേതര ശക്തികളുടെയും തീവ്രവാദികളുടെയും കൈയ്യില്‍ വിട്ടുകൊടുക്കാന്‍ കഴിയില്ല. യുദ്ധത്തിന് പോകണോ എന്ന് രണ്ട് ആണവശക്തികള്‍ തീരുമാനിക്കട്ടെയെന്നും ഭൂട്ടോ പറഞ്ഞു.

ആഗോള വേദികളില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തികൊണ്ടുവരാനുള്ള പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെയും ഭൂട്ടോ പരസ്യമായി സമ്മതിച്ചു. പ്രത്യേകിച്ചും ഐക്യരാഷ്ട്രസഭയില്‍ വിഷയം കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന് തുടര്‍ച്ചയായി തിരിച്ചടി നേരിടുകയാണ്. കശ്മീര്‍ വിഷയത്തെ സംബന്ധിച്ചിടത്തോളം യുഎന്നിലും പൊതുവേയും നേരിടുന്ന തടസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഭൂട്ടോ പത്രസമ്മേളനത്തില്‍ പറഞ്ഞു.

advertisement

ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ പാക്കിസ്ഥാന്റെ ഭാഗം ന്യായീകരിക്കാനുള്ള ദൗത്യത്തിലാണ് ബിലാവല്‍ ഭൂട്ടോ. യുഎസില്‍ പാക് പാര്‍ലമെന്ററി പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കുന്നത് ഭൂട്ടോയാണ്. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങളില്‍ പാക്കിസ്ഥാന്റെ നിലപാട് വിശദമാക്കുകയാണ് സംഘത്തിന്റെ ചുമതല. ഇന്ത്യയുമായുള്ള ജല തര്‍ക്കം, തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ക്ക് യുഎന്‍ ഉദ്യോഗസ്ഥരുമായും നയതന്ത്രജ്ഞരുമായും സാംസാരിക്കുന്നതിനിടയില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനെതിരെയുള്ള ഭീകരവാദ വിരുദ്ധ നിലപാടുമായി ഇന്ത്യന്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘം ലോകരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ഇതിനു സമാനമായാണ് പാക്കിസ്ഥാനും പ്രതിനിധി സംഘങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ നിലപാടുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സര്‍വ്വകക്ഷി പാര്‍ലമെന്ററി പ്രതിനിധി സംഘം ലോകംചുറ്റുന്നത്.

advertisement

തിങ്കളാഴ്ചയാണ് ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘം ന്യൂയോര്‍ക്കില്‍ എത്തിയത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ഫിലേമണ്‍ യാങ്, സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റ് കരോലിന്‍ റോഡ്രിഗസ് ബിര്‍ക്കറ്റ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.

യുഎസ്, ചൈന, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികളുമായും സുരക്ഷാ കൗണ്‍സിലിലെ നാല് സ്ഥിരാംഗങ്ങളുമായും സ്ഥിരമല്ലാത്ത അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായും ഭൂട്ടോയും സംഘവും കൂടിക്കാഴ്ച നടത്തി. ഇന്ന് പാക്കിസ്ഥാന്‍ പ്രതിനിധി സംഘം വാഷിംഗ്ടണ്‍ ഡിസിയില്‍ ഉണ്ടാകും. കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വാഷിംഗ്ടണില്‍ ഈ സമയം ഉണ്ടാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
യുഎന്‍ ആസ്ഥാനത്ത് ഇന്ത്യയ്ക്ക് എതിരെ ബിലാവല്‍ ഭൂട്ടോ; ചുട്ട മറുപടിയുമായി വിദേശ മാധ്യമപ്രവര്‍ത്തകന്‍
Open in App
Home
Video
Impact Shorts
Web Stories