ഇറ്റലിയിലെ ടുസ്കാനിയിലുള്ള കാലെൻസാനോ എന്ന പ്രദേശത്തുള്ള ഒരു വാടകവീട്ടിലാണ് 32കാരിയായ കാമിലയും കുടുംബവും കഴിഞ്ഞ കുറച്ച് കാലമായി താമസിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസത്തെ വാടക നൽകാതെയാണ് ഇവർ വീടൊഴിഞ്ഞ് പോയിരിക്കുന്നതെന്ന് വീട്ടുടമ പറഞ്ഞു. വീട്ടിലെ നിരവധി വസ്തുക്കൾ ഇവർ മോഷ്ടിച്ചുവെന്നും വീട്ടുടമ ആരോപിക്കുന്നതായി ഫോക്സ് ന്യൂസിൻെറ റിപ്പോർട്ടിൽ പറയുന്നു.
“വീട്ടിലെ പകുതിയിലധികം ഫർണിച്ചറുകളും ഞങ്ങൾക്ക് നഷ്ടപ്പെട്ടു. പേർഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത പരവതാനികളും വിലപിടിപ്പുള്ള ഫർണിച്ചറുകളും ഞങ്ങൾക്ക് നഷ്ടമായി. കുടുംബ പാരമ്പര്യത്തിൻെറ ഭാഗമായി തലമുറകൾ കൈമാറി വന്നിരുന്ന ചില പുരാവസ്തുക്കളും അവർ കൊണ്ടുപോയി. ഏകദേശം 50000ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ യൂറോയ്ക്കുള്ള നഷ്ടമാണ് കണക്കാക്കുന്നത്,” വീട്ടുടമ ലാ റിപ്പബ്ലിക്കയോട് വ്യക്തമാക്കി.
advertisement
“അപ്രതീക്ഷിതമായി ഒന്നും പറയാതെയാണ് കാമില വീട് വിട്ടുപോയത്. ആറ് മാസത്തെ വാടകയും കുടിശ്ശികയാണ്,” വീട്ടുടമ കൂട്ടിച്ചേർത്തു. കാമിലയുടെ അച്ഛൻ സെർജിയോ ജിയോർഗിയുമായി സംസാരിക്കാൻ വീട്ടുടമ ശ്രമിച്ചിരുന്നു. എന്നാൽ അനുകൂലമായ മറുപടിയൊന്നും തന്നെ അവിടെ നിന്നും ലഭിച്ചില്ല.
“ഞങ്ങളുടെ വസ്തുക്കളെങ്കിലും തിരികെ നൽകണമെന്നാണ് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, വളരെ ഉദാസീനമായാണ് എന്നോട് സംസാരിച്ചത്. വിലകുറഞ്ഞ വസ്തുക്കളാണ് അവയെന്നായിരുന്നു അദ്ദേഹത്തിൻെറ മറുപടി. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നയാളാണ് ഞാൻ. ഇത്തരത്തിലുള്ള ഇടപെടൽ എന്നെ മാനസികമായും ബുദ്ധിമുട്ടിക്കുന്നുണ്ട്,” വീട്ടുടമ പറഞ്ഞു.
“എൻെറ ജീവിതവുമായും എൻെറ അമ്മയുടെ ജീവിതവുമായും ഏറെ ബന്ധമുള്ള വസ്തുക്കളാണ് കാമില കൊണ്ടുപോയിരിക്കുന്നത്. അവയെല്ലാം എനിക്ക് തിരിച്ച് കിട്ടണം. എന്നാൽ ഞങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. ആയിരക്കണക്കിന് യൂറോയാണ് വാടകയിനത്തിൽ കിട്ടാനുള്ളത്. അത് തിരികെ തരാനുള്ള ശ്രമം പോലും അവർ നടത്തുന്നില്ല,” വീട്ടുടമ വിശദീകരിച്ചു.
ഇക്കഴിഞ്ഞ മാർച്ച് മാസത്തിന് ശേഷം കാമില ടെന്നീസ് കളിച്ചിട്ടില്ല. ഔദ്യോഗികമായി താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നില്ല. ഇൻസ്റ്റഗ്രാമിലാണ് അപ്രതീക്ഷിതമായി തൻെറ വിരമിക്കൽ പ്രഖ്യാപനം അവർ നടത്തിയത്. വിരമിക്കൽ പ്രഖ്യാപനത്തോടൊപ്പം തന്നെ തനിക്കെതിരായി വരുന്ന ആരോപണങ്ങളെക്കുറിച്ചും അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. താൻ വിരമിക്കൽ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളുമുണ്ട്.
എന്നാൽ അതൊന്നും ആരാധകർ വിശ്വസിക്കരുതെന്ന് അവർ അഭ്യർഥിച്ചു. കാമിലക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് ഇറ്റലിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണത്തിൻെറ ഭാഗമായി ജൂലൈ 16ന് കാമിലയോട് കോടതിയിൽ വാദം കേൾക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേസിൻെറ പ്രാഥമിക അന്വേഷണത്തിൻെറ ഭാഗമായാണ് വാദം കേൾക്കൽ നടക്കുക.